പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ജമാഅത്തെ ഇസ്ലാമി പ്രവർത്തകനെ പോലെ പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിമർശനത്തിൽ ഉറച്ചുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശനം ഉന്നയിച്ചത് പാണക്കാട് തങ്ങൾക്കെതിരെയല്ല, മറിച്ച് മുസ്‌ലിം ലീഗ് അധ്യക്ഷന് എതിരെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാദിഖലി തങ്ങളെ വിമർശിച്ചപ്പോൾ ചില ലീഗുകാർ ഉറഞ്ഞുതുള്ളുകയായിരുന്നു. വിമർശിക്കുന്നവരെ തീവ്രവാദ സ്വഭാവമുള്ള ഭാഷയിലൂടെയാണ് എതിർക്കുന്നതെന്നും തീവ്രവാദ ഭാഷയും കൊണ്ട് ഇങ്ങോട്ട് വരേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ജമാഅത്തെ ഇസ്ലാമി പ്രവർത്തകനെ പോലെ പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ നിലപാടിൽ ഉറച്ചുനിന്നു കൊണ്ട് സിപിഎമ്മും രംഗത്തെത്തി. രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ ഇരിക്കുമ്പോൾ വിമർശനങ്ങൾ നേരിടേണ്ടി വരുമെന്നും അതിന് മതപരിവേഷം നൽകുന്നത് ഹീനമാണെന്നും സിപിഎം മറുപടി നൽകി.
ALSO READ: സന്ദീപ് വാര്യർക്കെതിരായ പത്ര പരസ്യം; പ്രസിദ്ധീകരിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ
മുഖ്യമന്ത്രിയെ വിമർശിച്ചാൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അതേ നാണയത്തിൽ വിമർശിക്കുമെന്ന് കെ.ടി. ജലീൽ എംഎൽഎ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ ഇത്തരം പ്രതികരണങ്ങൾ ബിജെപിയെ സഹായിക്കാൻ ആണെന്നാണ് ലീഗും യുഡിഎഫും പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രതികരണം വിവാദത്തിലായെങ്കിലും നിലപാടിലുറച്ച് നിൽക്കുകയാണ് സിപിഎം നേതൃത്വം. അധികാരത്തിന് വേണ്ടി മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള കക്ഷികളുമായി രാഷ്ട്രീയ ചങ്ങാത്തം സ്ഥാപിക്കുമ്പോൾ വിമർശനം സ്വാഭാവികമാണെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിലും വ്യക്തമാക്കുന്നു.