മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവ ഉദാരവൽക്കരണ നയങ്ങൾ, ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തതായും പിണറായി വിജയൻ പറഞ്ഞു
ഡോ. മൻമോഹൻ സിങ്ങിൻ്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിൻ്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായെന്നാണ് മൻമോഹൻ സിങിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവ ഉദാരവൽക്കരണ നയങ്ങൾ, ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തതായും പിണറായി വിജയൻ പറഞ്ഞു.
മരണത്തിന് പിന്നാലെ തന്നെ മുഖ്യമന്ത്രി എക്സ് പോസ്റ്റിലൂടെ അനുശോചനമറിയിച്ചിരുന്നു. മതേതരത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും മൂല്യങ്ങളോട് പ്രതിബദ്ധത കാണിച്ച രാഷ്ട്രതന്ത്രജ്ഞനെന്നായിരുന്നു പിണറായി വിജയൻ മൻമോഹൻ സിങ്ങിനെ വിശേഷിപ്പിച്ചത്.
ALSO READ: സൗമ്യനായ പ്രധാനമന്ത്രി; വിടവാങ്ങിയത് സാധാരണക്കാരുടെ മനസ്സറിഞ്ഞ സാമ്പത്തിക വിദഗ്ധന്‍
വ്യാഴാഴ്ച രാത്രി ഡൽഹി എയിംസിൽ വെച്ചായിരുന്നു മൻമോഹൻ സിങ്ങിൻ്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രിയങ്ക ഗാന്ധിയും പാർട്ടിയിലെ മറ്റ് നേതാക്കളും വൈകുന്നേരത്തോടെ എയിംസിലെത്തിയിരുന്നു.
അനുശോചന കുറിപ്പിൻ്റെ പൂർണ രൂപം
ജനാധിപത്യത്തിൻ്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ്. തൻ്റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തികശാസ്ത്രജ്ഞൻ എന്ന നിലയിൽ പരക്കെ ആദരിക്കപ്പെട്ട ഡോ. മൻമോഹൻ സിംഗ് കേന്ദ്ര ധനമന്ത്രിയാകുന്നതിനു മുൻപ് റിസർവ് ബാങ്ക് ഗവർണറുടെ ഉത്തരവാദിത്തവും നിർവഹിക്കുകയുണ്ടായി. നരസിംഹറാവു ഗവണ്മൻ്റിൽ ധനമന്ത്രിയായിരുന്ന മന്മോഹൻ സിംഗിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു.
ALSO READ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു
ആ പരിഷ്കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മന്മോഹൻ സിംഗിനുണ്ടായിരുന്നു. അൽപ്പകാലം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം രാജ്യത്തിൻ്റെ അന്തർദ്ദേശീയ ബന്ധങ്ങൾ ദൃഢമാക്കാൻ പ്രയത്നിച്ചു. ഡോ. മൻമോഹൻ സിംഗിൻ്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. മൻമോഹൻ സിംഗിൻ്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു.