കുറ്റവാളികൾക്ക് പൊലീസ് സേനയിൽ സ്ഥാനമുണ്ടാകില്ല; തെറ്റ് ചെയ്തത് ആരായാലും മുഖം നോക്കാതെ നടപടി: മുഖ്യമന്ത്രി

കുറ്റവാളികൾക്ക് പൊലീസ് സേനയിൽ സ്ഥാനമുണ്ടാകില്ലെന്ന് പ്രവൃത്തികൊണ്ട് തെളിയിച്ച സർക്കാരാണിതെന്നും ആ നടപടി തന്നെ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കുറ്റവാളികൾക്ക് പൊലീസ് സേനയിൽ സ്ഥാനമുണ്ടാകില്ല; തെറ്റ് ചെയ്തത്
ആരായാലും മുഖം നോക്കാതെ നടപടി: മുഖ്യമന്ത്രി
Published on

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാർക്കെതിരായ നടപടി സ്വീകരിക്കുന്നത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജനങ്ങളുടെ യജമാനൻമാരായി പെരുമാറുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കേരളപ്പിറവിയുടേയും പൊലീസ് രൂപീകരണ ദിനത്തിന്‍റെയും ഭാഗമായുള്ള പരേഡിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കുറ്റവാളികൾക്ക് പൊലീസ് സേനയിൽ സ്ഥാനമുണ്ടാകില്ലെന്ന് പ്രവൃത്തികൊണ്ട് തെളിയിച്ച സർക്കാരാണിതെന്നും ആ നടപടി തന്നെ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 108 ഓളം ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട സർക്കാരാണിത്. കൂടാതെ അവമതിപ്പ് സൃഷ്ടിക്കുന്നവരെ കണ്ടെത്താൻ കർശന നിർദേശവും നൽകിയിട്ടുണ്ട്. ജനങ്ങളുടെ യജമാനൻമാരാണെന്ന ചിന്തയോടെ പെരുമാറുന്ന പൊലീസുകാർ ഇപ്പോഴുമുണ്ട്. ഇത്തരക്കാർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകും.

തിരുവനന്തപുരം പേരൂർക്കട എസ് എ പി ഗ്രൗണ്ടിൽ നടന്ന പൊലീസ് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളും ചടങ്ങിൽ വച്ച് വിതരണം ചെയ്തു. 237 ഉദ്യോഗസ്ഥർക്കാണ് പൊലീസ് മെഡൽ ലഭിച്ചത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിന് മെഡൽ പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണം ചെയ്യുന്നത് തൽക്കാലത്തേക്ക് തടഞ്ഞുവച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com