വിദ്വേഷം കൊണ്ടുനടക്കുന്ന ചിലർ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നു; രാഹുലിനെതിരെ മോദി

രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെ ആയിരുന്നു മോദിയുടെ പ്രസ്താവന
വിദ്വേഷം കൊണ്ടുനടക്കുന്ന ചിലർ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നു; രാഹുലിനെതിരെ മോദി
Published on


രാജ്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവനകളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്വേഷം കൊണ്ടുനടക്കുന്ന ചിലർ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നു എന്നായിരുന്നു മോദി പറഞ്ഞത്. രാഹുലിൻ്റെ പേര് പരാമർശിക്കാതെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഗുജറാത്തിലെ അഹമ്മദാബാദിൽ 8,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മോദിയുടെ പ്രതികരണം.

"നിഷേധാത്മകത കൊണ്ട് നിറഞ്ഞ ചിലർ ഇന്ത്യയുടെ ഐക്യത്തെ തകർക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്വേഷം കൊണ്ടുനടക്കുന്നവർ ഇന്ത്യയേയും ഗുജറാത്തിനേയും അപകീർത്തിപ്പെടുത്താനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തുന്നില്ല. രാജ്യത്തെ തകർക്കാനാണ് അവർ ആഗ്രഹിക്കുന്നത്," മോദി പറഞ്ഞു.

അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി മോദി സർക്കാരിനും ആർഎസ്എസിനുമെതിരെ നിരവധി പരാമർശങ്ങൾ നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായെന്നും, സ്ത്രീകൾ വീട്ടിലിരിക്കാനുള്ളവർ ആണെന്നാണ് ആർഎസ്എസ് കരുതുന്നതെന്നടക്കം നിരവധി വിവാദ പ്രസ്താവനകളാണ് രാഹുൽ ഗാന്ധി നടത്തിയത്. ഇതിനെതിരെ അമിത് ഷാ ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി. സിഖുകാരെ കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനയും വലിയ വിവാദമായിരുന്നു.

ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയെന്നായിരുന്നു ആഭ്യന്തരമന്ത്രി പറഞ്ഞത്. ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് രാഹുലിനും കോൺഗ്രസിനും ശീലമായി മാറിയെന്നും അമിത് ഷാ വിമർശിച്ചു.

ALSO READ: "അദ്ദേഹത്തോട് സഹതാപം തോന്നിയിട്ടുണ്ട്, പക്ഷേ, വെറുക്കുന്നില്ല"; കാരണങ്ങള്‍ നിരത്തി രാഹുല്‍ ഗാന്ധി

"ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ശീലമായി മാറി. രാജ്യത്ത് സംവരണം നിർത്തലാക്കുന്നതിനെക്കുറിച്ച് സംസാരിച്ചതിലൂടെ കോൺഗ്രസിൻ്റെ സംവരണ വിരുദ്ധ മുഖം ഒരിക്കൽ കൂടി രാഹുൽ അവതരിപ്പിക്കുകയാണ് ചെയ്തത്. ബിജെപി ഉള്ളിടത്തോളം കാലം സംവരണം നിർത്തലാക്കാനോ, രാജ്യസുരക്ഷയെ തകർക്കാനോ ആർക്കും കഴിയില്ലെന്ന് രാഹുൽ ഗാന്ധിയോട് പറയാൻ ആഗ്രഹിക്കുന്നു," അമിത് ഷാ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com