സ്വര്‍ണക്കടത്ത് പരാമര്‍ശം മലപ്പുറത്തെ അപമാനിക്കുന്നത്; തറ നേതാവില്‍ നിന്ന് മുഖ്യമന്ത്രി ഉയരണം: പി.എം.എ സലാം

മുഖ്യമന്ത്രി മകളെ രക്ഷിക്കാന്‍ ഒരു ജില്ലയെ അപമാനിക്കരുതെന്നും പിഎംഎ സലാം പറഞ്ഞു.
മുഖ്യമന്ത്രി, പിഎംഎ സലാം
മുഖ്യമന്ത്രി, പിഎംഎ സലാം
Published on



മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്. മുഖ്യമന്ത്രിയുടെ സ്വര്‍ണക്കടത്ത് പരാമര്‍ശം മലപ്പുറത്തെ അപമാനിക്കുന്നതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

തറ നേതാവില്‍ നിന്ന് മുഖ്യമന്ത്രി ഉയരണം. മകളെ രക്ഷിക്കാന്‍ ഒരു ജില്ലയെ അപമാനിക്കരുത്. കേന്ദ്ര ഏജന്‍സികളില്‍ നിന്ന് രക്ഷനേടാനാണ് ശ്രമമെന്നും, മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അന്‍വര്‍ പറഞ്ഞതിന്റെ പേരിലാണ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിക്കുന്നത്. കേന്ദ്രത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.

വോട്ടു നേടാന്‍ മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കുന്ന നിലപാടാണ് സിപിഎം അടുത്ത കാലത്തായി സ്വീകരിച്ചു വരുന്നത്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദമടക്കം അതിന്റെ ഭാഗമായി ഉണ്ടായതാണ്. ഇത് ജനം മനസിലാക്കിയതുകൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ദയനീയമായ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതെന്നും സലാം പറഞ്ഞു.

മലപ്പുറത്ത് മാത്രം കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ എത്ര പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എത്ര പേരെ ശിക്ഷിച്ചിട്ടുണ്ട് എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ എന്നും സലാം ചോദിച്ചു. ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രി പറയുകയാണ് അഞ്ച് കൊല്ലത്തിനിടെ ഇത്രയെണ്ണം ഉണ്ടായി എന്ന്. ഇത് സംബന്ധിച്ച് എന്തെങ്കിലും ഒരു തെളിവ് ഉണ്ടോ എന്നും പിഎംഎ സലാം ചോദിച്ചു.

മുഖ്യമന്ത്രി കേവലം സിപിഎം നേതാവല്ല. കേരളത്തിന്റെ പ്രതിനിധിയാണ്. ആ നിലവാരത്തിലേക്ക് ഉയരാനുള്ള കഴിവോ ശക്തിയോ അദ്ദേഹത്തിന് ഉണ്ടെന്ന് ലീഗ് കരുതുന്നില്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മലപ്പുറത്തിനെതിരായ പരാമര്‍ശം നടത്തിയത്. മലപ്പുറത്തെ സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 150 കിലോ കോടിയുടെ സ്വര്‍ണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറത്ത് നിന്ന് പൊലീസ് പിടികൂടിയെന്നും കടത്തിയ സ്വര്‍ണവും ഹവാലയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com