ഫ്ലോറിഡ തീരത്താണ് പൊളാരിസ് ഡ്രോൺ ക്രൂ ക്യാപ്സൂൾ സുരക്ഷിതമായി ഇറങ്ങിയത്
അഞ്ച് ദിവസം നീണ്ടു നിന്ന പൊളാരീസ് ഡൗൺ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് നാല് യാത്രികരും ഭൂമിയിൽ സുരക്ഷിതമായി മടങ്ങിയെത്തി. 1972ന് ശേഷം മനുഷ്യനെയും വഹിച്ച് ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച ദൗത്യം കൂടിയാണ് പൊളാരീസ്. ഫ്ലോറിഡ തീരത്താണ് പൊളാരിസ് ഡ്രോൺ ക്രൂ ക്യാപ്സൂൾ സുരക്ഷിതമായി ഇറങ്ങിയത്.
ദൗത്യത്തിന് ഫണ്ടിങ് നടത്തിയ കോടീശ്വരൻ ജെറേഡ് ഐസക്ക്‌മാൻ, സ്പേസ് എക്സ് എൻജിനീയർമാരായ സാറാ ഗില്ലിസ്, അന്ന മേനോന്‍, അമേരിക്കയുടെ വ്യോമസേന മുൻ പൈലറ്റ് സ്കോട്ട് പൊറ്റീറ്റ് എന്നിവരാണ് ദൗത്യത്തിലുണ്ടായിരുന്നത്. മലയാളിയായ ബഹിരാകാശ മെഡിക്കൽ വിദഗ്ധൻ ഡോ. അനിൽ മേനോന്റെ പങ്കാളിയാണ് അന്ന.
ALSO READ: ഭീമന്‍ ഛിന്നഗ്രഹം ഭൂമിയോട് അടുക്കുന്നു; മുന്നറിയിപ്പുമായി നാസ
ജാറെഡ് ഐസക്മാനും സാറാ ഗില്ലീസും ഏഴ് മിനിറ്റാണ് പേടകത്തിന് പുറത്ത് ചെലവഴിച്ചത്. ഭൂമിയിൽ നിന്ന് ഏകദേശം 700 കിലോമീറ്ററിലാണ് ഇരുവരും ബഹിരാകാശ നടത്തം സാധ്യമാക്കിയത്. ബഹിരാകാശത്തെ മനുഷ്യരുടെ ആരോഗ്യത്തെ സംബന്ധിച്ചും സ്പേസ് എക്സിൻ്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വഴിയുള്ള ആശയവിനിമയം സംബന്ധിച്ചും സംഘം പഠനങ്ങൾ നടത്തി.
സെപ്റ്റംബർ പത്തിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്നാണ് പൊളാരിസ് ഡൗൺ വിക്ഷേപിച്ചത്. ഭാവിയിൽ വരാനിരിക്കുന്ന ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് ഊർജം നൽകുന്ന വിവരങ്ങൾ ദൗത്യത്തിലൂടെ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ