VIDEO | SFI നേതാക്കളെ മർദിച്ച സംഭവം: പ്രതികളായ KSUകാർക്ക് രക്ഷപ്പെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്

മാള സിഐയുടെ നേതൃത്വത്തിലാണ് മർദനത്തിനുശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത്
VIDEO | SFI നേതാക്കളെ മർദിച്ച സംഭവം: പ്രതികളായ KSUകാർക്ക് രക്ഷപ്പെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്
Published on

കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടയിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കളെ വളഞ്ഞിട്ട് മർദിച്ച സംഭവത്തില്‍  പ്രതികളായ കെഎസ്‌‌യുകാർക്ക് രക്ഷപ്പെടാന്‍ ആംബുലന്‍സ് സജ്ജീകരിച്ചത് പൊലീസ്. കേരളവർമ കോളേജിലെ എസ്എഫ്ഐ നേതാവിന്റെ തലയ്ക്കടിച്ച ഗോകുൽ ഗുരുവായൂർ അടക്കമുള്ള നേതാക്കൾക്കാണ് പൊലീസ് രക്ഷപ്പെടാൻ വഴിയൊരിക്കിയത്. ആംബുലൻസ് വിളിച്ചുവരുത്തി പ്രതികൾക്ക് രക്ഷപെടാൻ അവസരമൊരുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.

മാള സിഐയുടെ നേതൃത്വത്തിലാണ് മർദനത്തിനുശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത്. സിഐ ആവശ്യപ്പെട്ട പ്രകാരം താൻ ആംബുലൻസ് സജ്ജീകരിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് എ.എ. അഷ്റഫ് പറഞ്ഞു.

അതേസമയം, ആക്രമണ കേസിൽ ഒന്നാം പ്രതിയും കെഎസ്‌യു ജില്ല പ്രസിഡന്റുമായ ഗോകുൽ ഗുരുവായൂരിനെ കേരള വർമ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആറാം പ്രതിയും കേരള വർമ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റുമായ അക്ഷയ്ക്കും സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് സസ്പെൻഷൻ. കോളജ് സ്റ്റാഫ് കൌൺസിൽ ചേർന്നാണ് വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തത്.

വിദ്യാർഥികളെ അക്രമിച്ച കെഎസ്‌യുവിനെ പൊതു സമുഹം ഒറ്റപ്പെടുത്തണമെന്നും കുപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ആഹ്വാനം ചെയ്ത് എസ്എഫ്ഐയും രം​ഗത്തെത്തിയിട്ടുണ്ട്. കെഎസ്‌യു ക്രിമിനലുകളെ കോൺഗ്രസ്‌ നേതാക്കൾ പാലൂട്ടി വളർത്തുകയാണ്‌. ഇതിന്റെ ഭാഗമായാണ് കോൺഗ്രസ്‌ നേതാക്കളായ അനിൽ അക്കരയും ജോസ്‌ വള്ളുരും അക്രമികളെ അഭിവാദ്യം ചെയ്‌ത്‌ സമുഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. ബൈലോ പ്രകാരം കലോത്സവം നടത്താൻ അറിയാത്ത കെഎസ്‌യുക്കാരാണ്‌ ഡി സോൺ നടത്തിയത്‌. സംഘാടകരുടെ കെടുകാര്യസ്ഥത മൂലം തുടക്കം മുതൽ മത്സരാർഥികൾ വലഞ്ഞുവെന്നും എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം ഹസൻ മുബാറഖ് ആരോപിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ ഗോകുൽ ഗുരുവായൂരിന്റേയും സംസ്ഥാന നേതാക്കളുടേയും നേതൃത്വത്തിലാണ്‌ മാരകായുധങ്ങളുമായി വിദ്യാർത്ഥികളെ ആക്രമിച്ചതെന്നും എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com