ഹൈദരാബാദിലെ പ്രശസ്തമായ ഒമേഗ ഹോസ്പിറ്റൽസിന്റെ സിഇഒ ആയിരുന്ന നമ്രത ചിഗുരുപതി, ആറ് മാസം മുമ്പാണ് സ്ഥാനം രാജിവെച്ചത്
ഹൈദരാബാദിൽ കൊക്കെയ്ൻ കേസിൽ യുവ ഡോക്ടറെ അറസ്റ്റ് ചെയ്ത് പൊലീസ്. 34കാരിയായ നമ്രത ചിഗുരുപതിയാണ് അഞ്ച് ലക്ഷം രൂപ വിലവരുന്ന കൊക്കെയ്ൻ വാങ്ങുന്നതിനിടെ പൊലീസിൻ്റെ പിടിയിലായത്. മുംബൈ ആസ്ഥാനമായുള്ള മയക്കുമരുന്ന് വിതരണക്കാരനായ വാൻഷ് ധാക്കറിൽ നിന്ന് കൊറിയർ വഴി കൊക്കെയ്ൻ സ്വീകരിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഹൈദരാബാദിലെ പ്രശസ്തമായ ഒമേഗ ഹോസ്പിറ്റൽസിന്റെ സിഇഒ ആയിരുന്ന നമ്രത ചിഗുരുപതി, ആറ് മാസം മുമ്പാണ് സ്ഥാനം രാജിവെച്ചത്.
മയക്കുമരുന്ന് ഡീലറായ വാൻഷ് ധാക്കറിന്റെ സഹായി ബാലകൃഷ്ണനൊപ്പമാണ് പൊലീസ് നമ്രതയെ പിടികൂടിയത്. വാട്‌സ്ആപ്പ് വഴിയായിരുന്നു നമ്രത കൊക്കെയ്ൻ ഓർഡർ ചെയ്തതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വെങ്കണ്ണ പറയുന്നു. തുടർന്ന് ഓൺലൈൻ വഴി 5 ലക്ഷം രൂപ കൈമാറുകയും ചെയ്തു. കൊക്കെയ്നുമായെത്തിയ ബാലകൃഷ്ണയെ കാണാൻ റായദുർഗത്തിൽ എത്തിയപ്പോഴാണ് പൊലീസ് നമ്രതയെ പിടികൂടുന്നത്.
ALSO READ: തടിയനെന്ന് വിളിച്ച് അപമാനിച്ചു; അതിഥികൾക്ക് നേരെ വെടിയുതിർത്ത് യുവാവ്
നമ്രതയിൽ നിന്നും 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഇവർക്കെതിരെ ഗുരുതര വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും, അതിനായി 70 ലക്ഷം രൂപയോളം ചെലവഴിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ നമ്രത സമ്മതിച്ചു.