രഞ്ജിത്തിനെതിരെ 'സ്വമേധയാ' കേസെടുക്കാതെ പൊലീസ്; ആരോപണമുന്നയിച്ച സ്ത്രീ പരാതി നൽകട്ടെയെന്ന് നിലപാട്

ആരോപണം ഉന്നയിച്ച നടി പരാതി നല്‍കുകയോ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയോ ചെയ്യാതെ കേസെടുക്കേണ്ട എന്നാണ് പൊലീസിന്‍റെ നിലപാട്
രഞ്ജിത്തിനെതിരെ 'സ്വമേധയാ' കേസെടുക്കാതെ പൊലീസ്; ആരോപണമുന്നയിച്ച സ്ത്രീ പരാതി നൽകട്ടെയെന്ന് നിലപാട്
Published on


സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ ലൈംഗിക ആരോപണത്തില്‍ സ്വമേധയാ കേസെടുക്കാതെ പൊലീസ്. ആരോപണം ഉന്നയിച്ച നടി പരാതി നല്‍കുകയോ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയോ ചെയ്യാതെ കേസെടുക്കേണ്ട എന്നാണ് പൊലീസിന്‍റെ നിലപാട്.

നടിയുടെ ആരോപണം മൊഴിയായി സ്വീകരിച്ച് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ വി.പി ഡിജിപിക്ക് പരാതി നല്‍കയിരുന്നു. ഈ പരാതിയിലും സമാനമായ നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിയ്ക്ക് കൈമാറി.

2009-10 കാലഘട്ടത്തില്‍ 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 

രഞ്ജിത്ത് രാജ്യം കണ്ട പ്രഗല്‍ഭനായ കലാകാരനാണ്. മാധ്യമങ്ങളില്‍ നടത്തിയ ഒരു ആരോപണത്തിന്‍റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ സാധിക്കില്ലെന്നായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ പ്രതികരണം.  രഞ്ജിത്തിനെ സംരക്ഷിച്ച മന്ത്രിയുടെ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.

പിന്നാലെ ' തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ് ' എന്ന് ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ട് മന്ത്രി നിലപാട് മയപ്പെടുത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com