
നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കനത്ത പൊലീസ് സുരക്ഷയിൽ നടത്തിയ തെളിവെടുപ്പിൽ, ഒരു കൂസലുമില്ലാതെയാണ് പ്രതി പൊലീസിനോട് കൊലപാതക വിവരങ്ങൾ വ്യക്തമാക്കിയത്.
ആലത്തൂർ കോടതി രണ്ടു ദിവസത്തെ കസ്റ്റഡി അനുവദിച്ചതോടെ, പ്രതി ചെന്താമരയുമായി അന്വേഷണ സംഘം തെളിവെടുപ്പിനായി പോത്തുണ്ടിയിലെ ബോയൻ കോളനിയിലെത്തി. 40 മിനിറ്റാണ് തെളിവെടുപ്പ് നീണ്ടത്. അയൽവാസിയായ സുധാകരനെയും, അമ്മ ലക്ഷ്മിയെയും എങ്ങനെ കൊന്നുവെന്ന് ഒരു കൂസലുമില്ലാതെ വിശദീകരിച്ചു. പിന്നീട് കൊലപാതകത്തിന് ശേഷം ആയുധം ഒളിപ്പിച്ച ചെന്താമരയുടെ വീട്, മൊബൈൽ ഫോൺ ഉപേക്ഷിച്ച സ്ഥലം, ഒളിവിൽ പോയ സ്ഥലം, പ്രതിയെ കണ്ടെത്തിയ സ്ഥലം എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പ് പൂർത്തിയായി മടങ്ങുന്നതിന് മുൻപ്, ചെന്താമരയുടെ ഭീഷണി നേരിട്ട പുഷ്പയും, അയൽവാസിയായ വീട്ടമ്മയും കൊന്നത് ഇയാൾ തന്നെയെന്ന് പൊലീസിനോട് പ്രതികരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് 400 പൊലീസുകാരെയാണ് സ്ഥലത്ത് നിയോഗിച്ചത്. ആശങ്കപ്പെട്ടത് പോലെ സംഘർഷ സാധ്യത ഒന്നും ഇല്ലാഞ്ഞതും പൊലീസിന് ആശ്വാസമായി.
നാളെ ചെന്താമര ആയുധം വാങ്ങിയ എലവഞ്ചേരിയിലെ കടയിലും തെളിവെടുപ്പ് നടന്നേക്കും. ജനുവരി 27നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനും, അമ്മ ലക്ഷ്മിയും കൊല്ലപ്പെട്ടത്. ജനുവരി 28 ന് പ്രതി ചെന്താമരയെ അറസ്റ്റ് ചെയ്തു. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.