എറണാകുളം എസിജെഎം കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം എസിജെഎം കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 35 സാക്ഷികളാണുള്ളത്.
സിനിമയിലഭിനയിക്കാന്‍ എത്തിയ നടിയെ കടന്നുപിടിച്ചുവെന്നാണ് രഞ്ജിത്തിനെതിരായ പരാതി. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയത്. കേസില്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
ALSO READ: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി; ബെംഗളൂരു പൊലീസ് കേസെടുത്തു
നേരത്തെ പരാതിക്കാരിയായ പശ്ചിമബംഗാള്‍ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. 2009-10 കാലഘട്ടത്തില്‍ പാലേരി മാണിക്യം എന്ന സിനിമയിലെ ഷൂട്ടിയുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗിക ഉദ്ദേശത്തോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നായിരുന്നു നടിയുടെ പരാതി. പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് രഞ്ജിത്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തിരുന്നു.
തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും സിനിമയില്‍ അവസരം നല്‍കാത്തതിന്റെ നീരസമാണ് പരാതിക്ക് കാരണമെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം. 2009ല്‍ സിനിമാ ചര്‍ച്ചയ്ക്കായാണ് നടിയെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തിയത്. തന്റെ സഹപ്രവര്‍ത്തകരായ നാലുപേരും അവിടെയുണ്ടായിരുന്നു. അസോസിയേറ്റ് ശങ്കര്‍ രാമകൃഷ്ണനാണ് നടിയുമായി സംസാരിച്ചത്. എന്നാല്‍ നടി നല്‍കിയ ഇ-മെയില്‍ പരാതിയില്‍ ഇക്കാര്യം മറച്ചുവെച്ചുവെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.