fbwpx
ലൈംഗികാതിക്രമപരാതി; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Aug, 2024 10:40 AM

നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി മരട് പൊലീസാണ് കേസെടുത്തത്

MALAYALAM MOVIE


ലൈംഗികാതിക്രമ പരാതിയിൽ നടനും കൊല്ലം എംഎൽഎയുമായ എം. മുകേഷിനെതിരെ കേസെടുത്ത് പൊലീസ്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ലൈംഗികാതിക്രമപരാതി ഉയർന്നതോടെ മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടക്കുകയാണ്.

കഴിഞ്ഞ ദിവസം അന്വേഷണസംഘം പരാതിക്കാരിയുടെ ഫ്ലാറ്റിലെത്തി ഏകദേശം 12 മണിക്കൂറോളം മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ജില്ലാ പൊലീസ് മേധാവിമാർക്ക് മൊഴി പകർപ്പ് അന്വേഷണ സംഘം കൈമാറി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗം, ലൈംഗികപീഡനം, അന്യായമായി തടങ്കൽ വെയ്ക്കൽ, സ്ത്രീകളോട് മോശമായി സംസാരിക്കുക തുടങ്ങിയ വകുപ്പുകളിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(1), 354, 452, 509 എന്നീ സെക്ഷനുകൾ പ്രകാരം ജാമ്യമില്ലാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.  ഇടവേള ബാബു പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, ബിച്ചു, അഡ്വക്കേറ്റ് വി.എസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെയും കൊച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്യും.

ALSO READ: സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; നടന്‍ ജയസൂര്യക്കെതിരെ കേസെടുത്തു

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ബ്ലാക്ക് മെയ്‌ലിങ്ങാണെന്നാണ് മുകേഷിൻ്റെ വാദം. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്തി 2018-ല്‍ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞതാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. പരാതിക്കാരി പണം ആവശ്യപ്പെട്ട് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും തനിക്കെതിരെ നടക്കുന്ന ബ്ലാക്മെയിലിങ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ തയാറല്ലെന്നുമായിരുന്നു നടൻ്റെ പക്ഷം. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും മുകേഷ് പറഞ്ഞിരുന്നു.

ALSO READ: മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം, ഇല്ലെങ്കിൽ കടുത്ത പ്രതിഷേധത്തിലേക്ക്; സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ട് 100 സ്ത്രീപക്ഷ പ്രവർത്തകർ

അതേസമയം, മുകേഷ് എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ രാഷ്ട്രീയ- സിനിമ മേഖലയിലുള്ളവർ പ്രതിഷേധം തുടരുകയാണ്. നടൻ്റെ രാജി, സിനിമ നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളുമായി  കേരളത്തിലെ സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളും ശക്തമായ പ്രതിഷേധം നടത്തുകയാണ്.


KERALA
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം; പ്രധാനമന്ത്രി നാളെ കേരളത്തിൽ; സുരക്ഷാ സംവിധാനങ്ങൾ ശക്തം
Also Read
user
Share This

Popular

KERALA
KERALA
'പുലിപല്ല് ധരിച്ചതിൻ്റെ പേരിലുള്ള നടപടി അനുചിതവും തിരുത്തപ്പെടേണ്ടതും'; വേടന് പിന്തുണയുമായി സുനിൽ പി. ഇളയിടം