മൃതദേഹ അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
ഇടുക്കി കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന് കാരണമായ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗനം. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് ബന്ധുക്കളും മൊഴി നല്‍കിയിരിക്കുന്നത്. കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയാണ് വീടിനു തീപിടിച്ച് നാലുപേർ മരിച്ചത്. അസ്വാഭാവിക മരണത്തിന് വെള്ളത്തൂവൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (37), ശുഭയുടെ അമ്മ പോന്നാംകുന്നേൽ പൊന്നമ്മ (75), മക്കളായ അഭിനന്ദ് (7), അഭിനവ്(5) എന്നിവരാണ് വീടിന് തീപിടിച്ച് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ നാട്ടുകാരാണ് വീട് കത്തിയമർന്ന നിലയിൽ കണ്ടത്. വീടിനു മുന്നില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ അഭിനവിന്റെ മൃതദേഹമാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും, ഫയർഫോഴ്സും നടത്തിയ പരിശോധനയിലാണ് വീടിനകത്ത് മറ്റുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മലമുകളിലെ ഒറ്റപ്പെട്ട നിലയിലുള്ള വീട് ആയതിനാലാണ് അപകടവിവരം പുറംലോകം അറിയാൻ വൈകിയത് .
ഇന്ന് ഉച്ചയോടെ ഫോറൻസിക് സംഘവും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൂർണമായി കത്തിക്കരിഞ്ഞ നിലയിലുള്ള ശുഭ, പൊന്നമ്മ, അഭിനന്ദു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.