ആത്മഹത്യ തന്നെ, ശരീരത്തിൽ മറ്റ് മുറിവുകൾ ഇല്ല; നവീൻ ബാബുവിൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം കൊലപാതകമല്ല, ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. നവീൻ ബാബുവിൻ്റെ കണ്ണുകൾ അടഞ്ഞ് കിടക്കുകയായിരുന്നു. മൂക്ക് വായ ചെവി എന്നിവയ്ക്ക് പരുക്കില്ല. ചുണ്ടിന് നീല നിറമായിരുന്നു. പല്ലുകൾക്കോ മോണകൾക്കോ കേടില്ല. നാവ് കടിച്ചിരുന്നു, എന്നിവയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ.
കൂടാതെ വിരലിലെ നഖങ്ങൾക്ക് നീല നിറമായിരുന്നു. ശരീരം അഴുകിയതിൻ്റെ ലക്ഷണങ്ങളൊന്നും തന്നെ ഇല്ല. വയറും മൂത്രാശയവും ശൂന്യമായിരുന്നു. സുഷുമ്നാ നാഡിക്കും പരുക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 0.5 സെ.മീ വ്യാസമുള്ള മഞ്ഞ കലർന്ന പ്ലാസ്റ്റിക് കയർ കഴുത്തിൽ കെട്ടിയ നിലയിലായിരുന്നു. കയറിൻ്റെ നീണ്ട ഭാഗത്തിന് 103 സെ.മീ നീളമുണ്ടായിരുന്നു. 30 സെ.മീ നീളമുള്ള സ്വതന്ത്ര ഭാഗം ഉണ്ടായിരുന്നു. കഴുത്തിന് ചുറ്റുമുള്ള കയറിൻ്റെ ഭാഗത്തിന് 22 സെ.മീ നീളമാണ് ഉണ്ടായിരുന്നത്. പേശികൾക്കോ, പ്രധാന രക്തക്കുഴലുകൾക്കോ,പരുക്കില്ല.
തരുണാസ്ഥിക്കോ, കശേരുക്കൾക്കോ,പരുക്കില്ല, ശരീരത്തിൽ മറ്റ് മുറിവുകൾ ഇല്ല. തലയോട്ടിക്കും, വാരിയെല്ലുകൾക്കും ക്ഷതമില്ല. ഇടത് ശ്വാസകോശത്തിൻ്റെ മുകൾഭാഗം നെഞ്ചിൻ്റെ ഭിത്തിയോട് ചേർന്ന നിലയിലായിരുന്നു. അന്നനാളം സാധാരണ നിലയിൽ ഒക്ടോബർ 15 ഉച്ചയ്ക്ക് 12.40 നും 1.50 നും ഇടയിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്. ആന്തരിയാവയവങ്ങൾ രാസ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചനയില്ല.
അതേസമയം നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണമാണ് നടത്തിയതെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പി. പി. ദിവ്യ പ്രതിയായത് അന്വോഷണത്തെ ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസന്വേഷണത്തിൻ്റെ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച് പഴുതടച്ച അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചെന്നാണ് പൊലീസ് നൽകിയ റിപ്പോർട്ടിലുള്ളത്.
1. അഞ്ച് സ്വതന്ത്യ സാക്ഷികളുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റും സീൻ മഹസറും
2, നൈലോണ് കയറിൻ്റെ ഭാഗമടക്കം എട്ടു വസ്തുക്കൾ തെളിവായി ശേഖരിച്ചു
3. ഫിംഗർ പ്രിന്ർറ് ഉൾപെടെ ഫോറൻസിക് പരിശോധനക്കയച്ചു
4. വസ്ത്രങ്ങളും അനുബന്ധ സാധനങ്ങളും പിടിച്ചെടുത്തു
5.ഫോണ് രേഖകൾ ശേഖരിച്ചു
ഇ മെയിൽ ജി പേ വിവരങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ഹൾ ശേഖരിച്ചു
6. ഫോട്ടോകളും വീഡിയോ ഗ്രാഫ് ചെയ്ത് ബോഡി ഇൻക്വസ്റ്റും തയാറാക്കി
7.നവീൻ , ദിവ്യ പി.പി ,പ്രശാന്ത് എന്നിവരുടെ
മൊബൈൽ ഫോൺ നമ്പറുകളുടെ CDR-കൾ ശേഖരിച്ചു
8.പെട്രോൾ പമ്പിന് അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷയും
ഇതുമായി ബന്ധപ്പെട്ടഡിവിഡിയും ഓഡിയോയും പിടിച്ചെടുത്തു
9. കളക്ടറേറ്റിൽ സംഘടിപ്പിച്ച യാത്രയയപ്പ് പാർട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ
മെമ്മറി കാർഡ് പിടിച്ചെടുത്തു,
10 മരിച്ചയാളുടെ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെൻ്റും ക്വാർട്ടേഴ്സിന്ർറെ താക്കോലും പിടിച്ചെടുത്തു.
11. ദിവ്യയുടെ രാജിക്കത്തും
പ്രശാന്തിനെ ഇലക്ട്രിക്കൽ ഹെൽപ്പർ തസ്തികയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത കത്തും പിടിച്ചെടുത്തു
12 പെട്രോൾ പമ്പ് അപേക്ഷകൻ്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റുകൾ ശേഖരിച്ചു
13 , കളക്‌ട്രേറ്റ് റെയിൽവേ സ്റ്റേഷനും മുനീശ്വരം കോവിലിനു സമീപവുമുള്ള ലഭ്യമായ സിസിടിവി ദ്യശ്യങ്ങൾ ശേഖരിച്ചു
എന്നിവയാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. നവീൻ ബാബുവിൻ്റെ മരണം കൊലപാതകം അല്ല, ആത്മഹത്യ തന്നെയെന്ന് പൊലീസ് പറയുന്നത്. കേസിലെ പ്രതി പിപി ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീൻ തൂങ്ങിമരിച്ചത്. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
നവീൻ ബാബുവിനെ തേജോവധം ചെയ്യുക എന്ന ദുരുദ്ദേശത്തോടെയാണ് പി.പി. ദിവ്യ യോഗത്തിന് എത്തിയത്. അന്വേഷണത്തിൽ പുരോഗതിയില്ലെന്ന നവീൻ്റെ ഭാര്യയുടെ വാദം അവാസ്തവമാണന്നും സത്യവാങ്മൂലത്തിലുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം. കൊലപാതകം എന്ന കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ ആത്മഹത്യയാണ് എന്നാണ് അറിയിച്ചത്. തൂങ്ങിമരണമാണ് എന്നും ശരീരത്തിൽ മറ്റ് മുറിപ്പാടുകൾ ഇല്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ ഉണ്ട്. കൊലപാതകമാണ് എന്നതിന്റെ യാതൊരു സൂചനയും ഫോറൻസിക് സംഘം നൽകിയിട്ടില്ല, യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ കണ്ടയാളുകളെ നേരിൽ കണ്ട് മൊഴിയെടുത്തെന്നും പൊലീസ് വ്യക്തമാക്കി.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലഭിക്കാവുന്ന എല്ലാ സിസിടിവി ഫൂട്ടേജുകളും ശേഖരിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെയും ജില്ലാ കളക്ടറുടെയും പ്രശാന്തന്റെയും സിഡിആർ പരിശോധിച്ചു. ഇൻക്വസ്റ്റ് സമയം ബന്ധുക്കളുടെ സാന്നിധ്യം ഇല്ലായിരുന്നുവെന്ന വാദവും പൊലീസ് തള്ളി. നിയമപ്രകാരം അത് നിർബന്ധമല്ല, പിന്നീട് രേഖപ്പെടുത്തിയാൽ മതിയാവും, ലഭിച്ച സാക്ഷിമൊഴികളുടെയും ശാസ്ത്രീയ പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തിൽ കൊലപാതകത്തിന്റെ യാതൊരു സൂചനയും നിലവിൽ ഇല്ലെന്ന് പോലീസ് വിശദീകരിച്ചു. തങ്ങൾക്കാരെയും സംരക്ഷിക്കാൻ ഇല്ലെന്നും ഹർജിക്കാരിയുടെ ഇത്തരത്തിലുള്ള വാദം ശരിയല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

