

തിരുവനന്തപുരം കണിയാപുരം കണ്ടലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കഴുത്തിൽ കയർ മുറുക്കിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. തുണി ഉണക്കാൻ കെട്ടിയിരുന്ന കയർ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയതെന്നും പൊലീസ് അറിയിച്ചു.
യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ സംഭവത്തിന് ശേഷം കാണാനില്ല. ഇവരുടെ മാലയും കമ്മലും മൊബൈൽ ഫോണും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. തഹസീൽദാരുടെ സാന്നിധ്യത്തിലാണ് ഇൻക്വിസ്റ്റ് നടന്നതെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞദിവസമാണ് കണ്ടൽ നിയാസ് മൻസിലിൽ ഷാനു എന്ന വിജിയെ വീട്ടിലെ ഹാളിൽ തറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വൈകുന്നേരം അഞ്ചരയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്.