
പാലോട് നവവധു ഇന്ദുജ ആത്‍മഹത്യ ചെയ്ത കേസിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം ഉടൻ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കേസിൽ ഭർത്താവ് അഭിജിത്ത് ഒന്നാം പ്രതിയും സുഹൃത്ത് അജാസ് രണ്ടാം പ്രതിയുമാണ്. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന ശരീരത്തിലെ മർദനമേറ്റ പാടുകളും , മൊഴികളിലെ വൈരുദ്ധ്യവുമാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്.
ഇന്ദുജയുടെ മരണമറിഞ്ഞ പ്രതികൾ എല്ലാ വിവരങ്ങളും ഫോർമാറ്റ് ചെയ്താണ് ഫോൺ പൊലീസിന് കൈമാറിയത്. അജാസിന്റെ ഫോണിൽ നിന്ന് ഇന്ദുജയെ വിളിച്ച രേഖകളൊന്നുമില്ല. അജാസിൻ്റെയും അഭിജിത്തിൻ്റെയും വാട്സാപ്പ് ചാറ്റുകളും ഡിലിറ്റ് ചെയ്തിരുന്നു. രണ്ടുപേരുടെയും ഫോൺ സൈബർ സെൽ പരിശോധിക്കുകയാണ്. ചാറ്റുകളും ഫോൺ സംഭാഷണങ്ങളും കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. പ്രതികൾ ഉപയോഗിച്ചിരുന്ന ഫോൺ മാറ്റിയോ എന്നും സംശയമുണ്ട്. ഇന്ദുജയ്‌ക്ക് മർദ്ദനമേറ്റ ശംഖുംമുഖത്ത് ഇവരെത്തിയോ എന്ന് തെളിയിക്കാനുള്ള ടവർ ലൊക്കേഷനും അജാസ് കാറിൽ പോയെന്ന് പറയുന്ന ദിവസത്തെ സി.സി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും.
ഇന്ദുജയുടെ ആത്മഹത്യയ്ക്ക് വഴി ഒരുക്കിയത് അജാസിന്റെയും അഭിജിത്തിൻ്റെയും പ്രവൃത്തിയാണെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഇനിയും പുറത്തുവരാനുണ്ട്. അജാസുമായി നേരത്തെ പരിചയത്തില്‍ ആയിരുന്നു ഇന്ദുജ. പിന്നീട് അജാസിന്റെ സുഹൃത്തായ അഭിജിത്തുമായി പരിചയത്തിലാവുകയും തുടര്‍ന്ന് വിവാഹിതരാവുകയും ചെയ്തു. അജാസ് കൂടി നിര്‍ബന്ധിച്ചാണ് യുവതിയെ അഭിജിത്തുമായുള്ള വിവാഹത്തിന് സമ്മതിപ്പിച്ചത്.
എന്നാല്‍ ഇരുവരും പിന്നീട് മാനസികമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ദുജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് ഭര്‍ത്താവ് അഭിജിത്ത് ആയിരുന്നു.
യുവതിയുടെ കണ്ണിലും തോളിലും മർദനമേറ്റ പാടുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ നടന്ന ഇൻക്വസ്റ്റിലാണ് പാടുകൾ കണ്ടത്തിയത്. ഭർതൃ വീട്ടിൽ ഭീഷണിയും മാനസിക പീഡനവും ഇന്ദുജയ്ക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ടന്നാണ് കുടുംബം പറയുന്നത്.
നാലുമാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇന്ദുജയെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുവന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവാഹത്തിന് അഭിജിത്തിന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു എന്നാണ് ഇന്ദുജയുടെ കുടുംബത്തിൻ്റെ ആരോപണം. ഭര്‍തൃഗൃഹത്തില്‍ നിരന്തരം മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി മകള്‍ തങ്ങളെ അറിയിച്ചിരുന്നതായി യുവതിയുടെ പിതാവ് പറഞ്ഞു. മകളെ അഭിജിത്ത് കൊന്നതാണെന്നാണും കുടുംബം ആരോപിക്കുന്നുണ്ട്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)