മമതയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് ഉപരോധിച്ച വിദ്യാർത്ഥികളെ തല്ലിയോടിച്ച് പൊലീസ്; ബംഗാളിൽ നാളെ പണിമുടക്ക്

പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിൽ ബുധനാഴ്ച സംസ്ഥാന വ്യാപക പണിമുടക്കിന് ബിജെപി ആഹ്വാനം ചെയ്തു
മമതയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് ഉപരോധിച്ച വിദ്യാർത്ഥികളെ തല്ലിയോടിച്ച് പൊലീസ്; ബംഗാളിൽ നാളെ പണിമുടക്ക്
Published on


ബംഗാളിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ ഇന്ന് വിദ്യാർത്ഥി സംഘടനകൾ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ പൊലീസ് അടിച്ചോടിച്ചിരുന്നു. പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിൽ ബുധനാഴ്ച സംസ്ഥാന വ്യാപക പണിമുടക്കിന് ബിജെപി ആഹ്വാനം ചെയ്തു.

വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നബന്ന സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനെതിരെയാണ് പൊലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും ഉൾപ്പെടെ നടത്തിയത്. സമരക്കാരിൽ ചിലർ പൊലീസിന് നേരെ കല്ലുകളും എറിഞ്ഞിരുന്നു.

ജനങ്ങളുടെ ശബ്ദം ഏകാധിപത്യ ഭരണകൂടത്തിൻ്റെ ചെവിയിൽ എത്തുന്നില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പണിമുടക്ക് നടത്താൻ നിർബന്ധിതരായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകന്ദ മജുംദാർ പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷിതമായ ചുറ്റുപാടുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട സമാധാനപരമായി സമരം ചെയ്യുന്ന ജനങ്ങൾക്ക് നേരെ മമതാ ബാനർജിയുടെ പൊലീസ് ആക്രമണമഴിച്ച് വിടുകയാണ്.

കൊലപാതകക്കേസിൽ മുഖ്യമന്ത്രി മമതാ ബാനർജി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരവധി വിദ്യാർത്ഥി സംഘടനകളും പൗരവേദികളും പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാർ തങ്ങളുടെ വഴിയിൽ ബാരിക്കേഡുകൾ കുലുക്കുന്ന ദൃശ്യങ്ങൾ കാണിച്ചു. റാലിയിലൂടെ കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ആരോപിച്ച് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രതിഷേധ മാർച്ചിന് അനുമതി നൽകിയിരുന്നില്ല.

സെക്രട്ടറിയേറ്റിലും പരസരത്തും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പ്രതിഷേധക്കാരെ ഏത് വഴിയിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് പോകുന്നത് തടയാനായി 6000 പൊലീസുകാരെ വിന്യസിച്ചിരുന്നു. പ്രതിഷേധക്കാരെ നിരീക്ഷിക്കാൻ ഡ്രോണുകളും ഉപയോഗിച്ചു. ബാരിക്കേഡുകൾ ഗ്രൗണ്ടിൽ വെൽഡ് ചെയ്ത് പ്രതിഷേധക്കാർ ഉയർത്തുന്നത് തടയാനായി ഗ്രീസ് തേച്ച് പിടിപ്പിച്ചിരുന്നു.

ബിജെപി പിന്തുണയോടെയുള്ള പ്രതിഷേധമാണിതെന്ന് ഭരണകക്ഷിയായ തൃണമൂൽ ആരോപിച്ചു. ഇത് വിദ്യാർത്ഥി സംഘടനകൾ ആസൂത്രണം ചെയ്ത മാർച്ചാണ് എന്നാണ് സംഘാടകർ നൽകിയ വിശദീകരണം. ഇന്നത്തെ പ്രതിഷേധത്തിൻ്റെ ഭാഗമായെത്തിയ പല സംഘടനകളും രജിസ്റ്റർ ചെയ്ത സംഘടനകളല്ല. രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള മിക്ക വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിൽ നിന്ന് വിട്ടു നിന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com