
ലഹരിക്കേസിൽ പ്രതിയായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് നിർണായക ദിനം. ഷൈനിന്റെ കേസിൽ തുടരന്വേഷണ സാധ്യത പരിശോധിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ഇന്ന് അന്വേഷണ സംഘത്തിൻ്റെ യോഗം ചേരും. ഷൈനിനെതിരായ നടപടി ഉറപ്പിക്കാൻ സിനിമാ സംഘടനകളുടെ യോഗവും ഇന്ന് ചേരുന്നുണ്ട്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം ഇന്ന് യോഗം ചേരുന്നത്. ഷൈനിനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ യോഗം തീരുമാനം എടുക്കും. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ഷൈനിനെ വീണ്ടും വിളിപ്പിച്ചാൽ മതിയെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് ഷൈൻ നാളെ ഹാജരാകേണ്ടതില്ല.
യോഗത്തിന് ശേഷമായിരിക്കും സുപ്രധാനമായ തീരുമാനമുണ്ടാകുക. ഷൈനിനെതിരായ നടപടി ചർച്ച ചെയ്യാൻ ഫിലിം ചേംബറും ഇന്ന് യോഗം ചേരുന്നുണ്ട്. രാവിലെ 11 മണിക്ക് തുടങ്ങുന്ന യോഗത്തിൽ ഷൈനിനെ സിനിമയിൽ നിന്നും മാറ്റി നിർത്തണമെന്നുള്ള ആവശ്യമടക്കം അംഗങ്ങൾ മുന്നോട്ട് വയ്ക്കും. ഷൈനുമായി സഹകരിക്കരുതെന്ന് നിർമാതാക്കൾക്കും നിർദേശം നൽകും. ഷൈനിനെതിരെ നടി വിൻസി നൽകിയ പരാതി അന്വേഷിക്കുന്ന എഎംഎംഎ കമ്മീഷന് മുന്നിൽ നടൻ ഹാജരാകും.
അതേസമയം, സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തെപ്പറ്റി വെളിപ്പെടുത്തിയ വിൻസിക്ക് സർക്കാർ പിന്തുണയുണ്ടെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. വിൻസിയുമായി സംസാരിച്ചുവെന്നും അന്വേഷണ നടപടികളോട് സഹകരിക്കുമെന്ന് നടി അറിയിച്ചതായും മന്ത്രി പറഞ്ഞു. തുറന്ന് പറഞ്ഞതിന് നടിയെ സിനിമാ പ്രവർത്തകർ ഒറ്റപ്പെടുത്തരുതെന്നും എം.ബി. രാജേഷ് അറിയിച്ചു.
സിനിമാ സെറ്റുകളിൽ ഉൾപ്പെടെ പരിശോധന കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. ലഹരിക്കെതിരെ ഉരുക്ക് മുഷ്ടി പ്രയോഗിക്കും. ലഹരിക്കെതിരെ യുദ്ധസന്നാഹത്തോടെയുള്ള പോരാട്ടം നടത്തുമെന്നും എല്ലായിടത്തും പരിശോധന ഉണ്ടാകുമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.