
ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. തിരുവനന്തപുരം കൻ്റോണ്‍മെൻ്റ് പൊലീസ് സ്റ്റേഷനിലാണ് നടൻ ഹാജരായത്.
2013ൽ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. സെക്രട്ടേറിയറ്റിൽ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ അറസ്റ്റ് ഉണ്ടാവില്ലെന്ന പൊലീസിൻ്റെ മറുപടി പരിഗണിച്ച് ജയസൂര്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.