ബോബിയെ ജയിലിലേക്ക് മാറ്റുന്നതിനിടെ അതിക്രമം: പ്രതിഷേധക്കാർക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്

ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റുന്നതിനിടെ, ബോബിയുടെ കൂട്ടാളികൾ പൊലീസ് വാഹനം തല്ലിതകർക്കാൻ ശ്രമിക്കുകയായിരുന്നു
ബോബിയെ ജയിലിലേക്ക് മാറ്റുന്നതിനിടെ അതിക്രമം: പ്രതിഷേധക്കാർക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്
Published on

നടിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂരിനെ ജയിലിലേക്ക് മാറ്റുന്നതിനിടെ അതിക്രമം കാണിച്ചവർക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്. അതിക്രമത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ എസ്ഐയ്ക്ക് എസിപി നിർദേശം നൽകി. ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റുന്നതിനിടെ, ബോബിയുടെ കൂട്ടാളികൾ പൊലീസ് വാഹനം തല്ലിതകർക്കാൻ ശ്രമിക്കുകയായിരുന്നു.


വ്യാഴാഴ്ച ബോബിക്ക് കോടതിയിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചത്. വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ബോബി ചെമ്മണ്ണൂരുമായി കാക്കനാട്ടെ ജയിലിലേക്ക് പോകാനൊരുങ്ങിയ പൊലീസ് വാഹനം പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ നാടകീയ രംഗങ്ങളാണ് ആശുപത്രിക്ക് മുന്നിൽ അരങ്ങേറിയത്.

പ്രതിഷേധക്കാർ വാഹനം തടഞ്ഞെങ്കിലും പൊലീസ് ബോബി ചെമ്മണ്ണൂരുമായി കാക്കനാട്ടെ ജയിലിലേക്ക് പുറപ്പെട്ടു. ഇതോടെ പ്രദേശത്ത് സംഘർഷം കനത്തു. പ്രതിഷേധക്കാരെ മറികടന്നുകൊണ്ടായിരുന്നു പൊലീസ് ജീപ്പ് ആശുപത്രിയിൽ നിന്ന് കാക്കനാട്ടെ ജയിലിലേക്ക് പുറപ്പെട്ടത്.


പൊലീസിന്‍റെ ഗുണ്ടായിസമാണ് ആശുപത്രിയിലും പുറത്തും നടന്നതെന്നും കൃത്യമായ പരിശോധന നടത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിക്കുന്നു. ദേഹാസ്വാസ്ഥ്യവും, നെഞ്ചുവേദനയും ഉണ്ടായിട്ടും പൊലീസ് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ തയ്യാറായില്ലെന്നും, ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ബാക്കി പരിശോധന ജയിലിൽ വെച്ച് നടത്താമെന്നായിരുന്നു പൊലീസ് അറിയിച്ചതെന്നും പ്രതിഭാഗം അഭിഭാഷകൻ ശ്രീകാന്ത് ആരോപിച്ചു.

എന്നാൽ ബോബി ചെമ്മണ്ണൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും എക്സറേ, ഇസിജി, ഓക്സിജൻ ലെവൽ, ബ്ലഡ് പ്രഷര്‍ എന്നിവ സാധാരണ നിലയിലായണെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. ബോബി ചെമ്മണ്ണൂര്‍ ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും പരിശോധനയിൽ ബോബി ചെമ്മണ്ണൂരിന് മറ്റു പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത സാഹചര്യത്തിലാണ് ബോബി ഇന്ന് വീണ്ടും മേൽ കോടതിയിൽ ജാമ്യപേക്ഷ നൽകുന്നത്. നിലവിൽ ബോബി കാക്കനാട് ജില്ലാ ജയിലിലാണ്. നടിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ബോബിയെ അറസ്റ്റ് ചെയ്തത്.


എന്നാൽ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷയെ എതിർക്കാൻ കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിൻ്റെ നീക്കം. ജാമ്യാപേക്ഷ കോടതിയിൽ എത്തിയാൽ ഉടൻ ബോബിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com