കുട്ടികൾക്ക് മധുരം വാങ്ങി നൽകലും കളിപ്പാട്ടങ്ങൾ നൽകലുമാണ് ഇയാളുടെ രീതി
എറണാകുളം ആലുവയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് കൂടുതലും സൗഹൃദം കൊച്ചുകുട്ടികളോടെന്ന് പൊലീസ്. പ്രദേശത്ത് പ്രതി കൂടുതലും കൂടെ കൊണ്ടു നടന്നതും കുട്ടികളെയാണ്. കുട്ടികൾക്ക് മധുരം വാങ്ങി നൽകലും കളിപ്പാട്ടങ്ങൾ നൽകലുമാണ് ഇയാളുടെ രീതി. മറ്റു കുട്ടികളെ പ്രതി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നതിലും പ്രാഥമിക അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി പ്രതിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് സംഘം ആവശ്യപ്പെടുക. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം കുട്ടിയുടെ അമ്മയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവിൽ ഇയാൾ റിമാന്‍ഡിലാണ്. കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് മാറ്റിയത്.
ALSO READ: ആലുവ പീഡനക്കേസ്: പ്രതിയായ ബന്ധുവിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും
പുത്തന്‍കുരിശ് പൊലീസാണ് പ്രതിയുടെ അറസ്റ്റ് ചെയ്തത്. പോക്സോ, ബാലനീതി വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒന്നര വര്‍ഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുട്ടി കൊല്ലപ്പെട്ട ദിവസവും പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നു. രണ്ടര വയസു മുതല്‍ പീഡിപ്പിക്കാന്‍ തുടങ്ങി. നീല ചിത്രങ്ങള്‍ കണ്ടശേഷമായിരുന്നു പീഡനമെന്നും പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.
എന്നാൽ പീഡനവിവരം അറിയില്ലെന്നായിരുന്നു അമ്മയുടെ മൊഴി. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന വാർത്തയ്ക്ക് പിന്നാലെയാണ് അമ്മയുടെ മൊഴി പുറത്തുവന്നത്. കുഞ്ഞിനെ കൊലപ്പെടുത്താമെന്നത് പെട്ടെന്നുള്ള തീരുമാനമായിരുന്നെന്നും പീഡന വിവരം അറിഞ്ഞിരുന്നില്ലെന്നുമാണ് അമ്മ മൊഴി നൽകിയത്. നിലവിൽ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലാണ് അമ്മ.
മെയ് 19നാണ് നാലുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്നത്. അംഗനവാടിയിൽ എത്തി, ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കുഞ്ഞിനെയും കൂട്ടി അമ്മ ഇറങ്ങുകയായിരുന്നു. മൂന്ന് മണിയോടെ കുഞ്ഞുമായി തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് പുറപ്പെട്ടു. ആലുവയിൽ നിന്ന് ഏഴ് മണിയോടെ മൂഴിക്കുളത്ത് എത്തിയ അവർ കുഞ്ഞിനെ പാലത്തിൽ നിന്നും താഴേക്ക് എറിയുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് പ്രതി അച്ഛൻ്റെ സഹോദരനാണെന്ന് കണ്ടെത്തിയത്.