പകുതി വില തട്ടിപ്പ് കേസ്: CSR നൽകുമെന്ന് അനന്തു കൃഷ്‌ണൻ പറഞ്ഞ  കമ്പനികളോട് പൊലീസ് വിവരങ്ങൾ തേടും

പകുതി വില തട്ടിപ്പ് കേസ്: CSR നൽകുമെന്ന് അനന്തു കൃഷ്‌ണൻ പറഞ്ഞ കമ്പനികളോട് പൊലീസ് വിവരങ്ങൾ തേടും

കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോഴും സിഎസ്ആർ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് പൊലീസിനെ തെറ്റ് ധരിപ്പിക്കാനാണ് പ്രതി അനന്തുകൃഷ്ണൻ ശ്രമിച്ചത്
Published on


പകുതി വില തട്ടിപ്പ് കേസിൽ സിഎസ്ആർ നൽകുമെന്ന് അനന്തു കൃഷ്‌ണൻ പറഞ്ഞ കമ്പനികളോട് വിവരങ്ങൾ തേടാൻ പൊലീസ്. കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോഴും സിഎസ്ആർ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് പൊലീസിനെ തെറ്റ് ധരിപ്പിക്കാനാണ് പ്രതി അനന്തുകൃഷ്ണൻ ശ്രമിച്ചത്. ഇതോടെയാണ് സിഎസ്ആർ ഫണ്ട് നൽകുമെന്ന് അനന്തുകൃഷ്ണൻ പറഞ്ഞ കമ്പനികളോട് വിവരങ്ങൾ തേടാൻ പൊലീസ് തീരുമാനിച്ചത്.

നിലവിൽ പ്രധാനപ്പെട്ട കമ്പനികളുടെ പേര് അനന്തു കൃഷ്‌ണന്റെ ബാങ്ക് സ്റ്റേറ്റ്‍മെന്‍റുകളിൽ ഇല്ല. സിഎസ്ആർ തുക ഒന്നും വന്നിട്ടില്ല എന്നാണ് പൊലീസ് നിഗമനം. അതേസമയം, ഉന്നത ബന്ധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അനന്തുകൃഷ്ണൻ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കുന്നത്തുന്നാട്ടിൽ നിന്നുള്ള 130 പേരുടെ പരാതിയിൽ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാരിയർ സൊസൈറ്റി എന്ന ചാരിറ്റബിൾ സംഘം നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പറവൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ അനന്തു കൃഷ്ണനൊപ്പം ഒരു ഡോക്ടറും പ്രതിയാണ്. ജനസേവ ട്രസ്റ്റിന്റെ ചെയർമാൻ ഡോക്ടർ മധുവിനെയാണ് പ്രതി ചേർത്തത്. 42 പരാതികളിലാണ് പറവൂരിൽ കേസ് എടുത്തത്. എറണാകുളം റൂറലിൽ 800 പരാതി ലഭിച്ചതിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 15 കേസുകളാണെന്ന് എസ്.പി വൈഭവ് സക്സേന പറഞ്ഞു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു. 

News Malayalam 24x7
newsmalayalam.com