ഒന്നുകിൽ കോൺഗ്രസിനെ പിന്തുണയ്ക്കണം, അല്ലെങ്കിൽ മൂന്ന് മുന്നണികളോടും മത്സരിച്ച് കരുത്തുകാട്ടണം; വെട്ടിലായി പി.വി. അൻവർ

സ്ഥാനാർഥിയെ നിർത്തുന്നെങ്കിൽ നിർത്ത്, ഒരു നിർബന്ധവുമില്ല എന്ന വി.ഡി. സതീശൻ്റെ പ്രതികരണം പി.വി. അൻവറിനുണ്ടാക്കിയ രാഷ്ട്രീയ ബാധ്യത ചെറുതല്ല.
ഒന്നുകിൽ കോൺഗ്രസിനെ പിന്തുണയ്ക്കണം, അല്ലെങ്കിൽ മൂന്ന് മുന്നണികളോടും മത്സരിച്ച് കരുത്തുകാട്ടണം; വെട്ടിലായി പി.വി. അൻവർ
Published on


ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന ആവശ്യം കോൺഗ്രസ് പുച്ഛിച്ച് തള്ളിയതോടെ വെട്ടിലായി പി.വി.അൻവർ എംഎൽഎ. ഒന്നുകിൽ പുറകേ പോയി കോൺഗ്രസിന് പിന്തുണ കൊടുക്കണം. അല്ലെങ്കിൽ മൂന്ന് മുന്നണികളോടും മത്സരിച്ച് സ്വന്തം നിലയിൽ കരുത്ത് തെളിയിക്കണം എന്ന സ്ഥിതിയാണ് അൻവറിന്. അൻവർ അമ്മാതിരി തമാശയൊന്നും പറയേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ്. വി.ഡി. സതീശൻ്റെ പരിഹാസം. നിലമ്പൂരിനും ഏറനാടിനും പുറത്ത് അൻവറിന് ജനപിന്തുണയില്ലെന്ന് കെ. മുരളീധരനും പ്രതികരിച്ചിരുന്നു.


സ്ഥാനാർഥിയെ നിർത്തുന്നെങ്കിൽ നിർത്ത്, ഒരു നിർബന്ധവുമില്ല എന്ന വി.ഡി. സതീശൻ്റെ പ്രതികരണം പി.വി. അൻവറിനുണ്ടാക്കിയ രാഷ്ട്രീയ ബാധ്യത ചെറുതല്ല. ഇനിയിപ്പോൾ ഒന്നുകിൽ അൻവർ കോൺഗ്രസിനും യുഡിഎഫിനും വഴങ്ങണം. അല്ലെങ്കിൽ അരയും തലയും മുറുക്കിയിറങ്ങി കരുത്ത് തെളിയിക്കണം എന്ന സാഹചര്യമാണ്. രണ്ടാഴ്ച മുമ്പ് വരെ പി. വി. അൻവറിനെ ചുറ്റിത്തിരിഞ്ഞിരുന്നു കേരള രാഷ്ട്രീയം. വെളിപ്പെടുത്തൽ കൊണ്ടും വിവാദം കൊണ്ടും ഉരുളക്കുപ്പേരി പോലെ രാഷ്ട്രീയ പ്രതികരണങ്ങൾ കൊണ്ടും നിരന്തരം ഒന്നാം തലക്കെട്ടായതിൻ്റെ ആവേശവുമായാണ് അൻവർ ശക്തി തെളിയിക്കാൻ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർകളെ പ്രഖ്യാപിച്ചത്.

കോൺഗ്രസ് പിന്തുണ തേടിയിട്ടുണ്ട്. പാലക്കാട് സ്ഥാനാർഥിയെ പിൻവലിക്കാം പക്ഷേ പകരം ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് കോൺഗ്രസ് തന്റെ സ്ഥാനാർഥി എൻകെ സുധീറിന് പിന്തുണ തരണം എന്നാവശ്യപ്പെട്ടതോടെ പണി പാളി. മറുപടിയായി വി.ഡി.സതീശൻ്റെ നിശ്ശിത പരിഹാസമാണ് കിട്ടിയത്.അൻവർ അമ്മാതിരി തമാശ പറയരുത് എന്നായിരുന്നു സതീശൻ പറഞ്ഞത്. പാലക്കാടും ചേലക്കരയിലും അൻവറിന് കാര്യമായ പിന്തുണയൊന്നുമില്ലെന്ന് കെ.മുരളീധരൻ കൂടി പറഞ്ഞതോടെ പൂർണമായി.അൻവർ കോൺഗ്രസുമായി സഹകരിക്കണം. വാതിലടച്ചിട്ടൊന്നുമില്ല, പക്ഷേ സ്ഥാനാർഥികളെ പിൻവലിക്കുന്ന കേസില്ല. അങ്ങനെയെങ്കിൽ കാണാം എന്നായിരുന്നു കെ. സുധാകരൻ്റെ പ്രതികരണം.

ചേലക്കരയിൽ കോൺഗ്രസിന്റെ തീരുമാനം വൈകിയാല്‍ ഈ കപ്പല്‍ വിട്ടുപോകുമെന്നായിരുന്നു കഴിഞ്ഞ ദിവസം അൻവർ പറഞ്ഞത്. പിണറായിക്ക് ജയിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണമെന്നാണ് യുഡിഎഫ് കരുതുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ കാണാമെന്ന് വരെ അൻവർ പറഞ്ഞു. ഇനിയിപ്പോൾ ഒന്നുകിൽ പുച്ഛിച്ചുവിട്ട കോൺഗ്രസിന് പിന്നാലെ ചെന്ന് പിന്തുണ കൊടുക്കണം. അല്ലെങ്കിൽ മൂന്ന് മുന്നണികളോടും മത്സരിച്ച് കരുത്തുകാട്ടണം എന്ന കടുത്ത പ്രതിസന്ധിയിലാണ് പി.വി. അൻവർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com