യുപിയിൽ 180 വർഷത്തിലേറെ പഴക്കമുള്ള പള്ളിയുടെ ഒരു ഭാഗം തകർത്തു; സംഘർഷത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷ

പള്ളിയുടെ ഒരു ഭാഗം നഗരത്തിലെ ബന്ദ-ഫത്തേപൂർ റോഡ് കൈയേറിയെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ നീക്കം
യുപിയിൽ 180 വർഷത്തിലേറെ പഴക്കമുള്ള പള്ളിയുടെ ഒരു ഭാഗം തകർത്തു; സംഘർഷത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷ
Published on

ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ 180 വർഷത്തിലേറെ പഴക്കമുള്ള മസ്ജിദിൻ്റെ ഒരു ഭാഗം അധികൃതർ തകർത്തു. ഹൈവേ വീതികൂട്ടൽ തടസ്സപ്പെട്ടതിനാലാണ് നൂരി മസ്ജിദിൻ്റെ ഒരു ഭാഗം തകർത്തതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പള്ളിയുടെ ഒരു ഭാഗം നഗരത്തിലെ ബന്ദ-ഫത്തേപൂർ റോഡ് കൈയേറിയെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ നീക്കം.

പൊലീസിൻ്റെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബുൾഡോസറുകളുടെ സഹായത്തോടെയാണ് പൊളിച്ചു നീക്കിയത്. കൈയേറ്റ ഭൂമിയിലെ കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് ഓഗസ്‌റ്റ്, സെപ്‌റ്റംബർ മാസങ്ങളിൽ പള്ളിയിലെ നടത്തിപ്പുകാരന്, രണ്ട് തവണ നോട്ടീസ് അയച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊളിച്ചു നീക്കുന്നതിനായി ഒരു മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആവശ്യപ്പെട്ട സമയത്തിനുള്ളിൽ മസ്ജിദ് കമ്മിറ്റി നീക്കം ചെയ്യാത്തതിനെ തുടർന്നാണ് അനധികൃത ഭാഗം പൊളിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. പൊളിക്കൽ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഡിസംബർ 13ന് പരിഗണിക്കാൻ ഹൈക്കോടതി നിശ്ചയിച്ചതിനിടയിലാണ് ഉദ്യോഗസ്ഥരുടെ നടപടി.


മസ്ജിദിന് 180 ലേറെ വർഷം പഴക്കമുണ്ടെന്നും ഇത് സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പള്ളിയുടെ നടത്തിപ്പുകാരൻ പറഞ്ഞു. പിൻവശത്തെ ഭിത്തികൾ പൊളിക്കുന്നത് പള്ളിക്ക് കേടുപാടുകൾ വരുത്തുമെന്ന് അഭ്യർഥിച്ചിട്ടും,കോടതി വാദം കേൾക്കുന്നതിന് മുന്നേ അവർ പള്ളിയുടെ ഭാഗം പൊളിച്ചു മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇന്ന് പൊളിച്ചുമാറ്റിയ കെട്ടിടം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിർമ്മിച്ചതാണെന്നും, പള്ളിയുടെ പ്രധാന കെട്ടിടം കേടുകൂടാതെയിരിക്കുന്നു എന്നും ഫത്തേപൂർ ഫിനാൻസ് ആൻഡ് റവന്യൂ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) അവിനാഷ് ത്രിപാഠി പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com