'15 പേർ മരിച്ചത് ശ്വാസംമുട്ടി, രണ്ട് പേർ രക്തസ്രാവം മൂലവും'; ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ഒരാൾക്ക് തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു
'15 പേർ മരിച്ചത് ശ്വാസംമുട്ടി, രണ്ട് പേർ രക്തസ്രാവം മൂലവും'; ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
Published on


ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 18പേർ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. 15 പേർ മരിച്ചത് ശ്വാസംമുട്ടിയാണെന്നാണ് റിപ്പോർട്ടിലുള്ളത്. രണ്ട് പേർ മരിച്ചത് നെഞ്ചിനേറ്റ പരിക്കുകൾ കൊണ്ടുള്ള രക്തസ്രാവം മൂലവും ഒരാൾക്ക് തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 15 നാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചത്.

അതേസമയം, അപകടത്തിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് എക്സിനോട് റെയിൽവേ ആവശ്യപ്പെട്ടു. മൃതദേഹത്തോട് അനാദരവും അതിജീവിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും എക്സിൽ പ്രചരിക്കുന്നതിനെ തുടർന്നാണ് റെയിവേയുടെ ഇടപെടല്‍. മരിച്ചവരുടെ വീഡിയോകൾ ഉൾക്കൊള്ളുന്ന 285 സോഷ്യൽ മീഡിയ ലിങ്കുകൾ നീക്കം ചെയ്യാനാണ് റെയിൽവേ മന്ത്രാലയം എക്‌സിന് നിർദ്ദേശം നൽകിയത്.


“ധാർമ്മിക മാനദണ്ഡങ്ങളും” പ്ലാറ്റ്‌ഫോമിൻ്റെ ഉള്ളടക്ക നയവും ഉദ്ധരിച്ചാണ് മന്ത്രാലയം നോട്ടീസ് നൽകിയത്. 36 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണമെന്നും എക്സിന് നൽകിയ നിർദേശത്തിൽ പറയുന്നു. ഡിസംബറിൽ നേരിട്ട് ഉള്ളടക്കം നീക്കം ചെയ്യാനുള്ള അധികാരം ലഭിച്ചതിന് ശേഷം മന്ത്രാലയത്തിൻ്റെ ആദ്യത്തെ പ്രധാന നടപടികളിൽ ഒന്നാണിത്. ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുന്നത് പൊതുജനത്തിൽ അസ്വസ്ഥതയുണ്ടാക്കുന്നതിനും റെയിൽവേ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനും ഇടയാക്കുമെന്ന് നോട്ടീസിൽ പറയുന്നു. പ്രധാന വാർത്താ സ്ഥാപനങ്ങളുടേത് ഉൾപ്പെടെ അക്കൗണ്ടുകളെ ലക്ഷ്യമിട്ടാണ് ഈ നിർദ്ദേശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com