പോത്തൻകോട് യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസ്: വിധി ഇന്ന്

സുധീഷിനെ കൊലപ്പെടുത്തിയ ശേഷം വലതുകാൽ വെട്ടിയെടുത്ത ക്രിമിനലുകൾ നടുറോഡിൽ വലിച്ചെറിഞ്ഞിരുന്നു
പോത്തൻകോട് യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസ്: വിധി ഇന്ന്
Published on

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസില്‍ വിധി ഇന്ന്. മംഗലപുരം സ്വദേശി സുധീഷിനെയാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. നെടുമങ്ങാട് പട്ടികജാതി–വര്‍ഗ പ്രത്യേക കോടതിയാണ് വിധി പറയുന്നത്.

2021 ഡിസംബർ 11നാണ് സുധീഷിനെ 11 പേരടങ്ങുന്ന സംഘം അതിക്രൂരമായി കൊലപ്പെടുത്തിയത്. സുധീഷിനെ കൊലപ്പെടുത്തിയ ശേഷം വലതുകാൽ വെട്ടിയെടുത്ത ക്രിമിനലുകൾ നടുറോഡിൽ വലിച്ചെറിഞ്ഞു. പ്രതികൾ അതിന് ശേഷം ആഹ്ളാദപ്രകടനം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗുണ്ടാപ്പകയാണ് സുധീഷിന്റെ ജീവനെടുത്തത്.

മുഖ്യപ്രതിയായ സുധീഷ് ഉണ്ണിയുമായി, കൊല്ലപ്പെട്ട സുധീഷ് രണ്ട് മാസം മുന്‍പ് അടിയുണ്ടാക്കിയിരുന്നു. അതിന്‍റെ പകരം വീട്ടാനാണ് സുധീഷ് ഉണ്ണി ഗുണ്ടാനേതാവായ ഒട്ടകം രാജേഷുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. ആക്രമണം ഭയന്ന് നാടുവിട്ട സുധീഷ് പോത്തന്‍കോടിനടുത്ത് കല്ലൂരിലെ പാണന്‍വിള കോളനിയിലെ ബന്ധുവീട്ടിൽ ഒളിവില്‍ കഴിയുകയായിരുന്നു.


സുധീഷിന്‍റെ ബന്ധുവായ ഒരാള്‍ ഇക്കാര്യം ഒറ്റിയതോടെയാണ് എതിര്‍സംഘം സ്ഥലം അറിഞ്ഞതും ബൈക്കിലും ഓട്ടോയിലുമായെത്തി കൊല നടത്തിയതും. പ്രതികളായ പതിനൊന്ന് പേരെയും വിവിധയിടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പിയായിരുന്ന എം.കെ.സുള്‍ഫിക്കറിന്‍റെ നേതൃത്വത്തില്‍ അന്വേഷിച്ച കേസിന്‍റെ വിചാരണ നെടുമങ്ങാട് പട്ടിക ജാതി–വര്‍ഗ കോടതിയിലാണ് പൂര്‍ത്തിയായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com