"പ്രൊഫഷണൽ മോഷ്ടാവല്ല, ആഡംബര ജീവിതം കടക്കാരനാക്കി"; റിജോ ആൻ്റണിയെ ബാങ്ക് കവർച്ചയ്ക്കായി പ്രേരിപ്പിച്ചത് വെബ് സീരീസ്!

പ്രതി പ്രൊഫഷണൽ മോഷ്ടാവല്ലെന്നും ആഡംബര ജീവിതം നയിക്കുന്നതിനിടെ ഉണ്ടായ കടം വീട്ടാനാണ് പ്രതി ബാങ്ക് കവർച്ചയിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം
"പ്രൊഫഷണൽ മോഷ്ടാവല്ല, ആഡംബര ജീവിതം കടക്കാരനാക്കി"; റിജോ ആൻ്റണിയെ ബാങ്ക് കവർച്ചയ്ക്കായി പ്രേരിപ്പിച്ചത് വെബ് സീരീസ്!
Published on


തൃശൂരിലെ ഫെഡറൽ ബാങ്കിൻ്റെ പോട്ട ശാഖയിൽ പട്ടാപകൽ നടന്ന ഞെട്ടിക്കുന്ന കവർച്ചാ കേസിൽ മോഷ്ടാവ് റിജോ ആൻ്റണിയിലേക്ക് ആലുവ റൂറൽ പൊലീസ് സംഘമെത്തിയത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ. പ്രതി പ്രൊഫഷണൽ മോഷ്ടാവല്ലെന്നും ആഡംബര ജീവിതം നയിക്കുന്നതിനിടെ ഉണ്ടായ കടം വീട്ടാനാണ് പ്രതി ബാങ്ക് കവർച്ചയിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. റിജോ ആൻ്റണിയെ ബാങ്ക് കവർച്ചക്കായി പ്രേരിപ്പിച്ചത് വെബ് സീരീസ് ആണെന്നും പൊലീസ് സൂചന നൽകി.

മോഷണം നടത്തിയ 15 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ മാത്രമാണ് പൊലീസിന് കണ്ടെടുക്കാനായത്. ബാക്കി അഞ്ച് ലക്ഷത്തോളം രൂപ ഇയാൾ കഴിഞ്ഞ 36 മണിക്കൂറിനിടയിൽ സുഹൃത്തുക്കൾക്കൊപ്പം ആഘോഷം നടത്തി ചെലവഴിച്ചുവെന്നാണ് പൊലീസ് പറയുന്നത്. റിജോയുടെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇയാളുടെ കുടുംബത്തിന് മികച്ച സാമ്പത്തിക ശേഷിയാണുള്ളത്. എന്നിട്ടും പ്രതിയുടെ ആഡംബര ജീവിതത്തിന് വേണ്ടിയാണ് ഈ കവർച്ച നടത്തിയതെന്നാണ് സൂചന. 

വാലൻ്റൈൻസ് ഡേ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തൃശൂരിനെ നടുക്കിയ കവർച്ച അരങ്ങേറിയത്. ബാങ്ക് ജീവനക്കാരെ വെറും പിച്ചാത്തി കാട്ടി ഭീഷണിപ്പെടുത്തി പട്ടാപ്പകൽ 15 ലക്ഷം രൂപ കവർന്ന പ്രതിയെ പിടികൂടാൻ വൈകിയത് പൊലീസിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു. 

ടിവിഎസ് എൻടോർക്ക് സ്കൂട്ടറാണ് മോഷ്ടാവ് ഉപയോ​ഗിച്ചിരുന്നത് എന്നാണ് വിവരം. തൃശൂരിൽ ഈ സ്കൂട്ടർ ഉള്ളവരുടെ പേരുകളും പൊലീസ് അന്വേഷിച്ചിരുന്നു. ഇതിലൂടെയാണ് പ്രതിയിലേക്ക് പൊലീസ് എളുപ്പത്തിലെത്തിയത്. 

ബാങ്ക് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ തക്കം നോക്കിയാണ് പ്രതിയെത്തിയത്. മോഷണ സമയത്ത് പൊലീസിനെ വഴി തെറ്റിക്കാൻ പ്രതി ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. എങ്കിലും 36 മണിക്കൂറിനകം ചാലക്കുടിക്കാരൻ റിജോയിലേക്ക് തന്നെ അന്വേഷണ സംഘമെത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com