ചോദ്യം ചെയ്യലിന് ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
എഡിഎമ്മിന്റെ ആത്മഹത്യയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ദിവ്യയെ കണ്ണപുരത്ത് വെച്ചാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
തലശ്ശേരി സെഷന്‍സ് കോടതിയാണ് പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി ഉത്തരവിട്ടത്. മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയിലാണ് പി.പി. ദിവ്യ കീഴടങ്ങിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്നും ജാമ്യം കൊടുക്കുന്നത് തെറ്റായ സന്ദേശമാണെന്നും വിധി പകര്‍പ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും, ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവിറക്കി. എഡിഎം നവീന്‍ ബാബുവിനെ അപമാനിക്കാന്‍ മനഃപൂര്‍വമായ നീക്കം നടത്തിയെന്നും കോടതി വ്യക്തമാക്കി.
ദിവ്യയുടെ നിലപാട് നവീന്‍ ബാബുവിനെ മാനസികമായി തളര്‍ത്തിയെന്നും , ആള്‍ക്കൂട്ടത്തിന് മുമ്പില്‍ അപമാനിതനായതിനാല്‍ മറ്റ് വഴികളില്ലാതെയാണ് ജീവനൊടുക്കിയതെന്നും ഉത്തരവില്‍ പറയുന്നു. പരിപാടിയില്‍ ജില്ലാ കളക്ടറുടെ ക്ഷണം സ്വീകരിച്ചാണ് പോയതെന്ന് ദിവ്യ ആദ്യം പറഞ്ഞിരുന്നു. പിന്നീട് ജില്ലാ കളക്ടര്‍ അരുണ്‍.കെ. വിജയന്‍ ദിവ്യയുടെ വാദം നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.
കൂടാതെ കളക്ടറുടെ വാദം ശരിവെച്ചു കൊണ്ട് അന്ന് പരിപാടിയില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരും മൊഴി നല്‍കിയിരുന്നു. പരിപാടിയിൽ ദിവ്യ ഭീഷണിയുടെ സ്വരത്തില്‍ കാര്യങ്ങള്‍ വിളിച്ചു പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
യാത്രയയപ്പ് വേളയില്‍ ഉണ്ടായ ഇത്തരമൊരു സംഭവം നവീന്‍ ബാബുവിനെ സംബന്ധിച്ച് വലിയ മാനസിക സമ്മര്‍ദത്തിന് കാരണമായി. ഈ കാര്യം ബോധ്യപ്പെട്ടതിനാല്‍ കോടതിയും ഇത് ശരിവെക്കുകയാണ്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാപ്രേരണ കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിട്ടുള്ളത്.