'അനീതി കൺകുളിർക്കെ കാണാനുള്ള കരുത്തും...'; നവീൻ ബാബു കേസില്‍ ഭാര്യയുടെ ഹർജി തള്ളിയതിനു പിന്നാലെ എഫ്‌ബി പോസ്റ്റുമായി പി.പി. ദിവ്യ

ചിത്രകാരൻ പൊന്ന്യം ചന്ദ്രന്റെ വരികളും വരയും പങ്കുവെച്ചാണ് പോസ്റ്റ്
'അനീതി കൺകുളിർക്കെ കാണാനുള്ള കരുത്തും...'; നവീൻ ബാബു കേസില്‍ ഭാര്യയുടെ ഹർജി തള്ളിയതിനു പിന്നാലെ എഫ്‌ബി പോസ്റ്റുമായി പി.പി. ദിവ്യ
Published on

നവീൻ ബാബു കേസിൽ സിബിഐ അന്വേഷണം തള്ളിയതിന് പിന്നാലെ പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രകാരൻ പൊന്ന്യം ചന്ദ്രന്റെ വരികളും വരയും പങ്കുവെച്ചാണ് പോസ്റ്റ്.  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.


ഹൈക്കോടതി സിബിഐ അന്വേഷണം അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഹർജി തള്ളിയതിനു പിന്നാലെ മഞ്ജുഷ പറഞ്ഞു. യൂട്യൂബ് ചാനൽ വഴി നവീൻ ബാബുവിന്റെ സഹോദരനെതിരെ അപവാദപ്രചരണ നടത്തുന്നതായി മൂത്ത മകൾ നിരഞ്ജനയും പ്രതികരിച്ചു. കേസ് അടക്കമുള്ള കാര്യങ്ങൾക്ക് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛന്റെ സഹോദരനാണ്. അദ്ദേഹത്തെയാണ് മോശപ്പെടുത്തുന്നതെന്നും അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതായും നിരഞ്ജന പറഞ്ഞു.

നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി കഴിഞ്ഞ ജനുവരി ആറിനാണ് സിംഗിൾ ബഞ്ച് തള്ളിയത്. എന്നാൽ സർക്കാരിലും സിപിഎമ്മിലും ഉന്നത ബന്ധങ്ങളുള്ള പ്രതി പി.പി. ദിവ്യ അന്വേഷണത്തെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള സാധ്യത സിംഗിൾ ബെഞ്ച് പരിഗണിച്ചിട്ടില്ലെന്നും അതിനാൽ, അന്വേഷണം സിബിഐക്ക് കൈമാറണമെന്നുമാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്.

2024 ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഇതിനെ തുട‍ർന്ന് ദിവ്യയെ സിപിഎം എല്ലാ ഔദ്യോ​ഗിക സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയിരുന്നു. പാർട്ടി ജില്ലാ സമ്മേളനങ്ങളിലും ദിവ്യക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:




'എല്ലാ പ്രതിസന്ധിയെയും
ഏതവസരത്തിലും
മറികടക്കാനാവണം
അനീതി കൺകുളിർക്കെ
കാണാനുള്ള കരുത്തും
അഭിപ്രായം പറയാനുള്ള
ആർജ്ജവവും
അടിയറവ് വെക്കരുത്
പോരാട്ടം തുടരുക തന്നെ'

പ്രിയ ചിത്രകാരൻ പൊന്ന്യം ചന്ദ്രേട്ടന്റെ വരികളും വരയും നൽകിയ ഊർജത്തിന് നന്ദി....

Related Stories

No stories found.
News Malayalam 24x7
newsmalayalam.com