
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ നവാബ് മാലിക്കിൻ്റെ സ്ഥാനാർഥിത്വം സംസ്ഥാനത്ത് മഹായുതിയെ എവിടെയും പ്രതികൂലമായി ബാധിക്കില്ലെന്ന് എൻസിപി വർക്കിംഗ് പ്രസിഡൻ്റ് പ്രഫുൽ പട്ടേൽ അറിയിച്ചു. മാലിക്കിനെതിരായ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്നും പട്ടേൽ പറഞ്ഞു.
നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ മാലിക്കിന്, ഒളിവിൽപ്പോയ ഗുണ്ടാസംഘം ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ ആരോപണമുയർന്നിരുന്നു. മുംബൈയിലെ മാങ്കുർദ്- ശിവാജി നഗർ മണ്ഡലത്തിലെ അജിത് പവാർ വിഭാഗം എൻസിപി സ്ഥാനാർഥിയാണ് നവാബ് മാലിക്ക്. നേരത്തെ, മഹാ വികാസ് അഘാഡി സർക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മന്ത്രിയായിരുന്നു മാലിക്.
അതേസമയം, മഹാരാഷ്ട്രയിൽ പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കി. മഹാരാഷ്ട്രയിൽ വിമതരെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് മുന്നണികൾ. ശക്തമായ പോരാട്ടം നടക്കുന്ന സീറ്റുകളിൽ വിമതരുടെ സാന്നിധ്യം പാർട്ടികൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. മഹാ വികാസ് അഘാടിയിലെ പന്ത്രണ്ടോളം വിമതർ പിന്മാറിയതായി കഴിഞ്ഞ ദിവസം മഹാരാഷട്രയിലെ ഇൻ- ചാർജ് കൂടിയായ രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.
തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. അതിന് മുൻപായി വിമതരെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള നീക്കത്തിലാണ് മുതിർന്ന നേതാക്കൾ. ഇൻഡ്യ സഖ്യത്തിന്റെ പ്രചാരണത്തിനായി രാഹുൽ ഗാന്ധി ബുധനാഴ്ച മഹാരാഷ്ട്രയിൽ എത്തും.