ഒക്ടോബർ ആറാം തീയതി താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പരാതിക്കാരൻ്റെ ആരോപണം
നവീൻ ബാബു, പ്രശാന്തൻ ടി.വി.
എഡിഎം നവീൻ ബാബുവിൻ്റ മരണത്തിൽ വെളിപ്പെടുത്തലുമായി പരാതിക്കാരൻ പ്രശാന്തൻ ടി.വി. എഡിഎം വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 98,500 രൂപ കൊടുത്തെന്ന് പരാതിക്കാരൻ പറഞ്ഞു. രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും പ്രശാന്തൻ കൂട്ടിച്ചേർത്തു.
ALSO READ: കണ്ണൂർ എംഡിഎമ്മിൻ്റെ മരണത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണം; പി.പി. ദിവ്യക്കെതിരെ കോൺഗ്രസ്
ഒക്ടോബർ ആറാം തീയതി താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി നൽകിയില്ലെങ്കിൽ ഈ ജന്മത്തിൽ അനുമതി നൽകില്ലെന്നും, തൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും ചെയ്യുന്ന മറ്റ് ബിസിനസുകളിലും, ജോലികളിലും തടസം സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാൽ 98500 രൂപ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ വെച്ച് നൽകിയെന്നാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് എട്ടാം തീയതി പെട്രോൾ പമ്പിന് അനുമതി നൽകിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ALSO READ: കണ്ണൂരിൽ എഡിഎം ജീവനൊടുക്കിയ നിലയിൽ; പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിൽ മനംനൊന്തെന്ന് ആരോപണം
ഇന്ന് രാവിലെയാണ് നവീൻ ബാബുവിനെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ എഡിഎം അഴിമതി നടത്തിയെന്ന് പി.പി. ദിവ്യ വേദിയിൽ തുറന്നടിച്ചിരുന്നു. പിന്നാലെ നവീൻ ബാബുവിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയും ചെയ്തു.