നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പ്രശാന്തന്‍റെ പരാതി; പരാതിക്കാരന്‍റെ ഒപ്പിലും പേരിലും വൈരുധ്യം

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പ്രശാന്തന്‍റെ പരാതി; പരാതിക്കാരന്‍റെ ഒപ്പിലും പേരിലും വൈരുധ്യം

നവീന്‍ ബാബുവിനെതിരായ പ്രശാന്തന്‍റെ പരാതി തയ്യാറാക്കിയത് ജീവനൊടുക്കിയ വിവരം അറിഞ്ഞ ശേഷമാണെന്ന വാദവും ഉയര്‍ന്നിരുന്നു
Published on

അന്തരിച്ച കണ്ണൂർ എഡിഎം നവീന്‍ ബാബുവിനെതിരായ കൈകൂലി ആരോപണത്തിൽ പ്രശാന്തന്‍ നല്‍കിയ പരാതിയിലെ ഒപ്പിൽ വൈരുധ്യം. പ്രശാന്തന്‍ വിവധ രേഖകളില്‍ പല പേരും ഒപ്പുമാണ് ഉപയോഗിച്ചിരിക്കുന്നത്. നിടുവാലൂർ സെന്‍റ് ജോസഫ് പള്ളിയുമായുള്ള കരാറിലും മുഖ്യമന്ത്രിക്ക് അയച്ചെന്നു പറയുന്ന പരാതിയിലും രണ്ട് തരം ഒപ്പുകളാണ് കാണാന്‍ സാധിക്കുന്നത്.  പരാതിക്കാരന്‍റെ പേരിലും വൈരുധ്യം കാണാന്‍ സാധിക്കും. പള്ളിയുമായുള്ള കരാർ രേഖയിൽ 'പ്രശാന്ത് തെരുവത്ത് വീട്ടില്‍' എന്നും മുഖ്യമന്ത്രിക്കുള്ള പരാതിയിൽ 'പ്രശാന്തൻ' എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നവീന്‍ ബാബുവിനെതിരായ പ്രശാന്തന്‍റെ പരാതി തയ്യാറാക്കിയത് ജീവനൊടുക്കിയ വിവരം അറിഞ്ഞ ശേഷമാണെന്ന വാദവും ഉയര്‍ന്നിരുന്നു. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പിഡിഎഫ് കോപ്പി അടക്കം പങ്കുവെച്ചായിരുന്നു പ്രശാന്തൻ വെളിപ്പെടുത്തിയത്. പ്രശാന്തന്‍റെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്ന് ആർവൈഎഫ് വിജിലൻസിന് പരാതി നൽകിയിരുന്നു. പ്രശാന്തനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലി നൽകുന്നതും കൈക്കൂലി ആവശ്യപ്പെട്ടത് വിജിലൻസിൽ അറിയിക്കാത്തതും കുറ്റകരമാണെന്ന് പരാതിയിൽ പറയുന്നു. പ്രശാന്തന്‍റെ പരാതിയുടെ നിജസ്ഥിതിയും വരുമാനവും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

അതേസമയം, ആത്മഹത്യ പ്രേരണാക്കുറ്റത്തില്‍ പി. പി. ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല. സാങ്കേതിക നടപടികൾ പൂർത്തിയാക്കി തലശേരി ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച ഹർജി പരിഗണിക്കാനാണ് സാധ്യത. ചടങ്ങിലേക്ക് നേരിട്ട് ക്ഷണിച്ചത് കണ്ണൂർ കളക്ടർ ആണെന്നാണ് ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നത്. കളക്ടർ അരുൺ കെ. വിജയനെതിരെ എഡിഎം ഓഫീസ് ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഈ മാസം 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 14ാം തീയതി കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന എഡിഎമ്മിൻ്റെ  യാത്രയയപ്പ് യോഗത്തിലെത്തിയ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

News Malayalam 24x7
newsmalayalam.com