"നിങ്ങൾക്കായി ഇനി ബാറ്റ് സംസാരിക്കട്ടെ"; കുഞ്ഞൻ താരത്തെ അഭിനന്ദിച്ച് ഐപിഎൽ ചരിത്രത്തിലെ വല്ല്യേട്ടൻ!

വൈഭവിൻ്റെ ഐപിഎല്ലിലെ അരങ്ങേറ്റം ഗംഭീരമായിരുന്നുവെന്നാണ് മുൻ രാജസ്ഥാൻ താരത്തിൻ്റെ അഭിനന്ദനം.
"നിങ്ങൾക്കായി ഇനി ബാറ്റ് സംസാരിക്കട്ടെ"; കുഞ്ഞൻ താരത്തെ അഭിനന്ദിച്ച് ഐപിഎൽ ചരിത്രത്തിലെ വല്ല്യേട്ടൻ!
Published on


ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രത്തിലിടം പിടിച്ച വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡിന് ഉടമയായ പ്രവീൺ താംബെ. വൈഭവിൻ്റെ ഐപിഎല്ലിലെ അരങ്ങേറ്റം ഗംഭീരമായിരുന്നുവെന്നാണ് മുൻ രാജസ്ഥാൻ താരത്തിൻ്റെ അഭിനന്ദനം.


"വൈഭവ്... എന്തൊരു നല്ല യുവ പ്രതിഭയാണ് താങ്കളെന്നോ... ഐപിഎല്ലിലെ അരങ്ങേറ്റം ഗംഭീരം, നിങ്ങളുടെ ഭാവി ശോഭനമായി കാണുന്നു... ഇത് കൂടുതൽ മികച്ചതാക്കാൻ കോച്ച് രാഹുൽ ദ്രാവിഡ് സാറുമായി തുടർന്നും സംസാരിച്ചുകൊണ്ടേയിരിക്കൂ... ശാന്തനായിരിക്കൂ, നിങ്ങൾക്കായി ഇനി ബാറ്റ് സംസാരിക്കട്ടെ👍," പ്രവീൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


41ാം വയസിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിച്ച് ഏറ്റവും പ്രായം കൂടിയ താരമായി മാറിയ കളിക്കാരനാണ് പ്രവീൺ താംബെ. രാജസ്ഥാനായി ഒരു സ്പിന്നറെന്ന നിലയിൽ പ്രവീൺ താംബെ അരങ്ങേറ്റം കുറിക്കുമ്പോൾ 41 വയസും 212 ദിവസും ആയിരുന്നു അയാളുടെ പ്രായം.

ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി 2025 ഏപ്രിൽ 19ന് വൈഭവ് സൂര്യവംശി ചരിത്രമെഴുതിയിരുന്നു. ലഖ്നൌ സൂപ്പർ ജയൻ്റ്സിനെതിരായ ഐപിഎൽ അരങ്ങേറ്റം നടത്തുമ്പോൾ 14 വയസും 23 ദിവസവും മാത്രമായിരുന്നു കുഞ്ഞ് ചെക്കൻ്റെ പ്രായം. അരങ്ങേറ്റത്തിൽ ഷർദുൽ താക്കൂർ, ആവേശ് ഖാൻ, ദിഗ്‌വേഷ് സിങ് റാത്തി, എയ്ഡൻ മാർക്രം തുടങ്ങിയ ബൌളർമാരെയാണ് രാജസ്ഥാൻ്റെ ഇളമുറക്കാരൻ പയ്യൻ അനായാസം നേരിട്ടത്.



സാക്ഷാൽ സഞ്ജു സാംസണ് പകരക്കാരനായെത്തി 20 പന്തിൽ നിന്ന് 34 റൺസാണ് ചെക്കൻ വാരിയത്. മൂന്ന് സിക്സറും രണ്ട് ഫോറും സഹിതം 170ന് മുകളിൽ സ്ട്രൈക്ക് റേറ്റിലാണ് പയ്യൻസ് തകർത്തടിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com