യുഎസിലേക്കുള്ള കാറുകളുടെ ഇറക്കുമതിക്ക് 25% തീരുവ ഏർപ്പെടുത്തും; പ്രഖ്യാപനവുമായി ട്രംപ്

എന്നാൽ ഈ നീക്കം സഖ്യകക്ഷികളുമായുള്ള ബന്ധം വഷളാക്കുന്നതിന് കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു
യുഎസിലേക്കുള്ള കാറുകളുടെ ഇറക്കുമതിക്ക് 25% തീരുവ ഏർപ്പെടുത്തും;  പ്രഖ്യാപനവുമായി ട്രംപ്
Published on

ആഗോള വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമാക്കുമെന്ന ഭീഷണിയുടെ ഭാഗമായി, യുഎസിലേക്ക് വരുന്ന കാറുകൾക്കും കാർ പാർട്‌സുകൾക്കും 25% പുതിയ ഇറക്കുമതി തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ 2 മുതൽ പുതിയ താരിഫ് പ്രാബല്യത്തിൽ വരുമെന്നും വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്ന ബിസിനസുകൾക്ക് അടുത്ത ദിവസം മുതൽ നിരക്കുകൾ ഈടാക്കുമെന്നും ട്രംപ് പറഞ്ഞു. ഈ നടപടി കാർ വ്യവസായത്തിന് "വമ്പിച്ച വളർച്ച"യിലേക്ക് നയിക്കുമെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു. ഇത് യുഎസിൽ തൊഴിലവസരങ്ങളും നിക്ഷേപവും വർധിപ്പിക്കുമെന്നും അറിയിച്ചു. എന്നാൽ ഈ നീക്കം സഖ്യകക്ഷികളുമായുള്ള ബന്ധം വഷളാക്കുന്നതിന് കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം യുഎസ് ഏകദേശം എട്ട് ദശലക്ഷം കാറുകളാണ് ഇറക്കുമതി ചെയ്തത്. യുഎസിലേക്ക് കാറുകൾ വിതരണം ചെയ്യുന്ന വിദേശ രാജ്യങ്ങളിൽ മെക്സിക്കോയാണ് മുന്നിൽ, തൊട്ടുപിന്നാലെ ദക്ഷിണ കൊറിയ, ജപ്പാൻ, കാനഡ, ജർമ്മനി എന്നിവയുമുണ്ട്. ട്രംപിന്റെ പുതിയ നീക്കം ആഗോള കാർ വ്യാപാരത്തെയും വിതരണ ശൃംഖലയെയും തകർക്കുമെന്ന ഭീഷണിയും ഉയരുന്നുണ്ട്. കാറുകൾക്ക് മാത്രമല്ല, യുഎസിൽ അസംബിൾ ചെയ്യുന്നതിന് മുമ്പ് മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാർ ഭാഗങ്ങൾക്കും ഈ ഉത്തരവ് ബാധകമാകുമെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. അതേസമയം യുഎസ് കസ്റ്റംസും അതിർത്തി പട്രോളിംഗും തീരുവ വിലയിരുത്തുന്നതിന് ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

ഈ ഉത്തരവിൽ എന്തെങ്കിലും മാറ്റം വരുമോ എന്ന് ഒരു പ്രസ് കോൺഫറൻസിൽ ട്രംപിനോട് ചോദിച്ചപ്പോൾ ഇതിൽ ഒന്നും മാറാൻ ഇല്ല. ഇത് സ്ഥിരമായിരിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. അമേരിക്കൻ ബിസിനസുകളെ സംരക്ഷിക്കുന്നതിനും ഉൽപ്പാദനം വർധിപ്പിക്കുന്നതിനുമുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമായി യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്നവയുടെ നികുതി ഉയർത്തിയത്. പുതിയ നികുതികൾ തങ്ങളുടെ കയറ്റുമതിക്കാരെ ബാധിക്കുമെന്ന കാര്യത്തിൽ യുകെ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ആശങ്കാകുലരാണ്. ബ്രിട്ടീഷ് ആസ്ഥാനമായുള്ള ജാഗ്വാർ ലാൻഡ് റോവറിന്റെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിൽപ്പനയുള്ള വിപണിയായിരുന്നു യുഎസ്. 116,294 വാഹനങ്ങളാണ് യുഎസിലേക്ക് കയറ്റിയയച്ചത്.

ട്രംപിന്റെ പ്രഖ്യാപനത്തെ തന്റെ രാജ്യത്തിനും കാർ വ്യവസായത്തിനും നേരെയുള്ള "നേരിട്ടുള്ള ആക്രമണം" എന്നാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വിശേഷിപ്പിച്ചത്. യുകെയെ സംബന്ധിച്ചിടത്തോളം, യൂറോപ്യൻ യൂണിയൻ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കാർ കയറ്റുമതി വിപണിയാണ് യുഎസ്. പ്രധാനമായും ആഡംബര കാറുകളാണ് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ കയറ്റുമതി ചെയ്യുന്നതെന്ന് വ്യവസായ സംഘടനയായ സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (എസ്എംഎംടി)വ്യക്തമാക്കി. "യുഎസിൽ ഓട്ടോമോട്ടീവ് ഉൽപ്പാദനവും തൊഴിലവസരങ്ങളും വർധിപ്പിക്കുക എന്ന പ്രസിഡൻ്റിൻ്റെ കാഴ്ചപ്പാടിനോട് പ്രതിജ്ഞാബദ്ധരാണ്" എന്ന് അമേരിക്കൻ ഓട്ടോമോട്ടീവ് പോളിസി കൗൺസിലിന്റെ ട്രേഡ് ഗ്രൂപ്പിന്റെ തലവൻ മാറ്റ് ബ്ലണ്ട് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com