യുഎസ്-സൗദി അറേബ്യ നിക്ഷേപ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്ത്യ-പാക് വെടിനിർത്തൽ യുഎസിൻ്റെ ഇടപെടൽ മൂലമെന്ന വാദം ആവർത്തിച്ച് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. നാല് വർഷം കൊണ്ട് തീരേണ്ട സംഘർഷം മൂന്ന് ആഴ്ച കൊണ്ട് അവസാനിപ്പിച്ചു. ലക്ഷങ്ങൾ മരിക്കേണ്ട സംഘർഷമാണ് അവസാനിപ്പിച്ചതെന്നും ട്രംപ് പറഞ്ഞു. യുഎസ്-സൗദി അറേബ്യ നിക്ഷേപ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ആണവായുധങ്ങളുള്ള രണ്ട് അയൽരാജ്യങ്ങൾക്കിടയിൽ സമാധാനം സ്ഥാപിക്കാൻ യുഎസ് മധ്യസ്ഥത വഹിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണം അവസാനിപ്പിക്കാൻ വ്യാപാരം വലിയ തോതിൽ സഹായിച്ചു. ഒരുമിച്ച് വ്യാപാരം നടത്താം എന്നു പറഞ്ഞു. ആണവ മിസൈലുകൾക്ക് പകരം മനോഹരമായി നിർമിക്കുന്ന വസ്തുക്കൾ വ്യാപാരം ചെയ്യാം എന്നാണ് ഇരു രാജ്യങ്ങളോടും പറഞ്ഞത്. അത് അങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും" ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഇത് മൂന്നാം തവണയാണ് ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി ട്രംപ് എത്തുന്നത്. വെടിനിര്‍ത്തല്‍ തീരുമാനം വന്നയുടനെയും വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലും വെടിനിർത്തല്‍ യുഎസിൻ്റെ ഇടപെടൽ മൂലമാണെന്ന് ട്രംപ് വാദിച്ചിരുന്നു. ഒഴിവാക്കിയത് ആണവയുദ്ധമാണെന്നും ഇന്ത്യ-പാക് സംഘർഷം പരിഹരിക്കാൻ ഇടപെട്ട വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും നന്ദി അറിയിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ ഇന്ത്യ-പാക് വെടിനിര്‍ത്തലിൽ ട്രംപിൻ്റെ വാദത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയും, വെടിനിർത്തൽ ചർച്ചയിൽ യുഎസ് ഇടപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് വീണ്ടും വാദം ആവർത്തിക്കുന്നത്.