ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി; സുപ്രീം കോടതിയില്‍ ചോദ്യങ്ങളുമായി രാഷ്ട്രപതി

രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ ഒപ്പിടുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി; സുപ്രീം കോടതിയില്‍ ചോദ്യങ്ങളുമായി രാഷ്ട്രപതി
Published on

സുപ്രീം കോടതി വിധിയില്‍ കടുത്ത ചോദ്യങ്ങളുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ ഒപ്പിടുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ. ഭരണഘടനയില്‍ ഇല്ലാത്ത നിബന്ധനകള്‍ എങ്ങനെയാണ് സുപ്രീം കോടതിക്ക് ഏര്‍പ്പെടുത്താനാവുകയെന്നും രാഷ്ട്രപതി ചോദിച്ചു. തമിഴ്നാട് സര്‍ക്കാര്‍-ഗവര്‍ണര്‍ കേസില്‍ സംസ്ഥാന ബില്ലുകളില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച കോടതി വിധിയിലാണ് മുര്‍മുവിന്റെ പ്രതികരണം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഒരു ബില്‍ അവതരിപ്പിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് ലഭ്യമായ ഭരണഘടനാ ഓപ്ഷനുകളെക്കുറിച്ച് സുപ്രീം കോടതിയുടെ അഭിപ്രായം അറിയിക്കാനും രാഷ്ട്രപതി ആവശ്യപ്പെട്ടു. 14 വിഷയങ്ങളില്‍ വ്യക്തത തേടിയാണ് രാഷ്ട്രപതി സുപ്രീം കോടതിയെ സമീപിച്ചത്. ബില്ലുകളില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ മന്ത്രിസഭയുടെ സഹായവും ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ ബാധ്യസ്ഥര്‍ ആണോയെന്ന ചോദ്യവും ദ്രൗപതി മുര്‍മു ഉന്നയിച്ചു.

രാഷ്ട്രപതി ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുന്‍പ് വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ വ്യക്തത തേടുന്നതെന്ന് രാഷ്ട്രപതി സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍മാര്‍ക്ക് ഭരണഘടനാപരമായ വിവേചന അധികാരം ഉപയോഗിച്ചുകൂടെ. ഗവര്‍ണര്‍മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ കോടതികള്‍ക്ക് പരിശോധിക്കാനാകുമോ? ഭരണഘടനയുടെ 361-ആം അനുച്ഛേദ പ്രകാരമുള്ള പരിരക്ഷ ഈ തീരുമാനങ്ങള്‍ക്ക് ബാധകമല്ലേ തുടങ്ങിയ കാര്യങ്ങളും രാഷ്ട്രപതി സുപ്രീം കോടതിക്കു മുന്നില്‍ വെച്ചു.


ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഭരണഘടനയില്‍ സമയപരിധി ഇല്ലെന്നിരിക്കേ കോടതിക്ക് സമയപരിധി തീരുമാനമെടുക്കണമെന്നുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയുമോയെന്ന ചോദ്യവും രാഷ്ട്രപതി ഉന്നയിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com