ഈ വർഷം ഇന്ത്യ-ജർമ്മനി പങ്കാളിത്തത്തിൻ്റെ 25 വർഷം പൂർത്തിയാക്കുകയാണ്
ഇന്ത്യയിൽ നിക്ഷേപം നടത്താൻ ജർമനിയെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ നിക്ഷേപകർക്ക് ഇന്ത്യയുടെ വളർച്ചയിൽ പങ്കാളികളാകാൻ പറ്റിയ സമയമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജർമ്മൻ ബിസിനസ് 2024-ൻ്റെ 8-ാമത് ഏഷ്യ-പസഫിക് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിലും 'മേക്ക് ഫോർ ദ വേൾഡ്' എന്ന പദ്ധതിയിലും വിദേശ നിക്ഷേപകർക്ക് പങ്കാളികളാകാൻ പറ്റിയ ശരിയായ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ജർമ്മനി ബന്ധത്തെ പ്രശംസിച്ച മോദി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനെ 'സുഹൃത്ത്' എന്നാണ് അഭിസംബോധന ചെയ്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമീപകാല സഹകരങ്ങൾ ആഴത്തിലുള്ള സൗഹൃദത്തിന്റെ തെളിവാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യക്കാർക്കുള്ള വിസ 20,000 ൽ നിന്ന് 90,000 ആയി ഉയർത്താൻ ജർമനി തീരുമാനിച്ചതോടെ ഇന്ത്യയിൽ ജർമനിക്കുള്ള ആത്മവിശ്വാസമാണ് പ്രകടമാകുന്നതെന്നും മോദി പറഞ്ഞു.
ഈ വർഷം ഇന്ത്യ-ജർമ്മനി പങ്കാളിത്തത്തിൻ്റെ 25 വർഷം പൂർത്തിയാകുകയാണ്. അടുത്ത 25 വർഷം ഈ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. 25 വർഷത്തിനുള്ളിൽ വികസിത ഇന്ത്യക്കായി ഇരുരാജ്യങ്ങളും ചേർന്ന് ഒരു റോഡ്മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 30 ബില്യൺ ഡോളറിലെത്തി. നൂറുകണക്കിന് ജർമ്മൻ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ജർമ്മനിയിൽ ഇന്ത്യൻ കമ്പനികളുടെ സാന്നിധ്യം അതിവേഗം വർദ്ധിപ്പിക്കുകയാണ്.
സമ്മേളനത്തിൽ "ഫോക്കസ് ഓൺ ഇന്ത്യ" ഡോക്യുമെന്റിന്റെ പ്രകാശനം പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം ജർമൻ ക്യാബിനറ്റ് നിർവഹിക്കുകയും ചെയ്തു. ലോകത്തെ രണ്ട് ശക്തമായ ജനാധിപത്യ രാജ്യങ്ങൾ, ലോകത്തെ രണ്ട് മുൻനിര സമ്പദ്‌വ്യവസ്ഥകൾ ഒരുമിച്ച് എങ്ങനെ ശക്തിയായി മാറാം എന്നതിൻ്റെ ഒരു ബ്ലൂപ്രിൻ്റാണ് ഫോക്കസ് ഓൺ ഇന്ത്യ ഡോക്യുമെന്റ് എന്ന് നരേന്ദ്ര മോദി പറഞ്ഞു.