
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി. എക്സ് പോസ്റ്റിലൂടെയാണ് മെലോണി ആശംസകൾ അറിയിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ. ആഗോള വെല്ലുവിളികളെ ഒരുമിച്ച് നേരിടാൻ ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള സൗഹൃദവും സഹകരണവും തുടർന്നും ശക്തിപ്പെടുത്തുമെന്ന് ഉറപ്പുള്ളതായും മെലോണി എക്സിൽ കുറിച്ചു.
പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആശംസകൾ അറിയിച്ചു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ. നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു', എന്ന് രാഹുൽ ഗാന്ധി എക്‌സിൽ പോസ്റ്റ് ചെയ്തു. രാജ്യത്തെക്കുറിച്ച് അമേരിക്കയിൽ നടത്തിയ പ്രസ്താവനകളിൽ ബിജെപിയും ഭരണകക്ഷി നേതാക്കളും വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ആശംസയുമായി എത്തുന്നത്.
രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവനകളിൽ വിമർശനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. വിദ്വേഷം കൊണ്ടുനടക്കുന്ന ചിലർ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. നിഷേധാത്മകത കൊണ്ട് നിറഞ്ഞ ചിലർ ഇന്ത്യയുടെ ഐക്യത്തെ തകർക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്വേഷം കൊണ്ടുനടക്കുന്നവർ ഇന്ത്യയേയും ഗുജറാത്തിനേയും അപകീർത്തിപ്പെടുത്താനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തുന്നില്ല. രാജ്യത്തെ തകർക്കാനാണ് അവർ ആഗ്രഹിക്കുന്നത് എന്നും മോദി പറഞ്ഞു. പ്രസ്താവന വിവാദമായതിനെ തുടർന്ന് ബിജെപിയും ഭരണകക്ഷി നേതാക്കളും ഉൾപ്പടെ നിരവധി പേരാണ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി എത്തിയത്.