
മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം ഇന്ന് ആരംഭിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാർഖണ്ഡ്, ഗുജറാത്ത്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. സംസ്ഥാനങ്ങളിൽ വിവിധ വികസന പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും. മൂന്ന് സംസ്ഥാനങ്ങളിലായി 12460 കോടിയുടെ വികസന പദ്ധതിയുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ജാർഖണ്ഡിലേക്കാണ് പ്രധാനമന്ത്രിയുടെ ആദ്യ യാത്ര.
ഇന്ന് ജാർഖണ്ഡിലേക്കു പോകുന്ന പ്രധാനമന്ത്രി, രാവിലെ പത്തിന് ജാർഖണ്ഡിലെ ടാറ്റാനഗർ-പട്ന വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. പിന്നാലെ രാവിലെ 10.30ന് 660 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ പദ്ധതികൾ മോദി രാജ്യത്തിന് സമർപ്പിക്കും. തുടർന്ന് സംസ്ഥാനത്തെ ടാറ്റാനഗറിലെ പ്രധാൻ മന്ത്രി ആവാസ് യോജന- ഗ്രാമീണിൻ്റെ 20,000ത്തലധികം ഗുണഭോക്താക്കൾക്ക് അനുമതിപത്രങ്ങൾ വിതരണം ചെയ്യും.
ALSO READ: നർമദ നദീതീരത്തെ പുണ്യനഗരങ്ങളിൽ മദ്യവും മാംസവും നിരോധിക്കണം: മോഹൻയാദവ്
സെപ്റ്റംബർ പതിനാറിനാണ് മോദി ഗുജറാത്ത് സന്ദർശിക്കുന്നത്. രാവിലെ 9.45നു ഗാന്ധിനഗറിൽ പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജന ഗുണഭോക്താക്കളുമായി മോദി സംവദിക്കും. തുടർന്ന്, ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നാലാമത് ഗ്ലോബൽ ഇൻവെസ്റ്റേർസ് മീറ്റ് ആൻഡ് എക്സ്പോ ഉദ്ഘാടനം ചെയ്യും. അഹമദാബാദിൽ 800 കോടിയുടെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി 30000 വീടുകളുടെ നിർമ്മാണത്തിനും അംഗീകാരം നൽകും.
സെപ്റ്റംബർ 17നാണ് പ്രധാനമന്ത്രിയുടെ ഒഡീഷ സന്ദർശനം . 3800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. രാവിലെ 11.15ന് മോദി പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കളുമായി സംവദിക്കും. ഉച്ചയ്ക്കു പന്ത്രണ്ടോടെ ഒഡിഷയിലെ ഭുവനേശ്വറിൽ 3800 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും.