SPOTLIGHT | എന്‍ഡോസള്‍ഫാന്‍ ഫാക്ടറികളേക്കാള്‍ ഭേദമല്ലേ സ്വകാര്യ സര്‍വകലാശാലകള്‍?

വിദ്യാഭ്യാസത്തിനായി കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും ചൈനയിലേക്കും യുക്രെയ്‌നിലേക്കും ഒക്കെ പോകുന്നതിന്റെ നാലിലൊന്ന് ചെലവിന് ഇവിടെ തന്നെ പഠിക്കാം എന്നതാണ് ഓഫര്‍
SPOTLIGHT | എന്‍ഡോസള്‍ഫാന്‍ ഫാക്ടറികളേക്കാള്‍ ഭേദമല്ലേ സ്വകാര്യ സര്‍വകലാശാലകള്‍?
Published on

സ്വകാര്യ സര്‍വകലാശാലകള്‍ കേരളത്തില്‍ വരാന്‍ സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കി. മലയാളി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ തൊട്ടടുത്ത കോയമ്പത്തൂര്‍ പോയി സര്‍വകലാശാല നടത്തുന്ന അമൃതയ്ക്കു മാത്രമല്ല ഇതു വഴി തുറക്കുന്നത്. മലയാളി വിദ്യാര്‍ത്ഥികളുമായി രാജ്യത്തെ ഏറ്റവും തലയെടുപ്പുള്ള സ്വകാര്യ സര്‍വകലാശാല ബെംഗളൂരുവില്‍ നടത്തുന്ന ക്രൈസ്റ്റിനും ഇനി കേരളത്തിലേക്കു കടന്നുവരാം. ചങ്ങനാശ്ശേരി, തലശ്ശേരി, തൃശൂര്‍ രൂപതകള്‍ക്കു സര്‍വകലാശാല തുടങ്ങാം. ലത്തീന്‍ സഭയ്ക്കും സിറിയന്‍ സഭയ്ക്കും ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ക്കും മര്‍ത്തോമ്മ സഭയ്ക്കും ആരംഭിക്കാം. എംഇഎസിനും എന്‍എസ്എസിനും എസ്എന്‍ഡിപിക്കുമാകാം. എ. കെ. ആന്റണി മന്ത്രിസഭ സ്വകാര്യ മെഡിക്കല്‍, എന്‍ജിനിയറിങ് കോളജുകള്‍ക്ക് അനുമതി നല്‍കിയ അതേ സാഹചര്യങ്ങളും വിഷയങ്ങളുമാണ് ഇപ്പോള്‍ ഉയരുന്നത്. സ്വകാര്യ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കേരളം വിടുന്നു എന്നതാണ് ഉന്നയിക്കുന്ന ആ പ്രശ്‌നം. അവര്‍ക്ക് ഇവിടെ സൗകര്യം ഒരുക്കിയാല്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് പെരുമകിട്ടില്ലേ?


ഭേദമല്ലേ സ്വകാര്യ സര്‍വകലാശാലകള്‍?



സ്വകാര്യ സര്‍വകലാശാലകളെച്ചൊല്ലിയുള്ള എതിര്‍പ്പിന്റെ പ്രധാനകാരണം വിദ്യാഭ്യാസം രണ്ടു പന്തിയില്‍ വിളമ്പുന്നു എന്നതാണ്. പ്രതിഭയില്‍ ശരാശരിയോ അതിനും താഴെയോ ഉള്ളവര്‍ പണം കൊടുത്ത് പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തുന്നു. പ്രതിഭയില്‍ ശരാശരിക്കു മുകളിലുള്ളവര്‍ക്ക് സൗകര്യങ്ങളുടെ കുറവുമൂലം സര്‍ക്കാര്‍ കോളജുകളിലും പ്രവേശനം കിട്ടില്ല. അവര്‍ക്ക് സ്വകാര്യ സര്‍വകലാശാലകളില്‍ ചേരാന്‍ പണവും ഉണ്ടാകില്ല. ഇതേ എതിര്‍പ്പുകള്‍ തന്നെയാണ് സ്വാകര്യ-മെഡിക്കല്‍ എന്‍ജിനിയറിങ് കോളജുകള്‍ വന്നപ്പോഴും ഉണ്ടായത്. ആ കോളജുകളുടെ കുത്തൊഴുക്ക് ഒരുകാര്യം പഠിപ്പിച്ചു. എത്രയെണ്ണം തുടങ്ങിയാലും നിലവാരമുള്ളവ മാത്രമേ നിലനില്‍ക്കൂവെന്ന്. ഇന്ന് പല സ്വകാര്യ എന്‍ജിനിറിങ് കോളജുകളിലും ചേരാന്‍ വിദ്യാര്‍ത്ഥികളില്ല. എഐകൂടി സജീവമാകുന്നതോടെ എന്‍ജിനിയറിങ് കോഴ്‌സുകളേക്കാള്‍ സാധ്യത ഹ്യൂമാനിറ്റീസിനും ഭാഷയ്ക്കും വരും. അവിടെയാണ് സ്വകാര്യ സര്‍വകലാശാലകള്‍ ഇപ്പോള്‍ മത്സരിക്കുന്നത്.


ബെംഗളൂരു ക്രൈസ്റ്റും കോയമ്പത്തൂര്‍ അമൃതയും സാന്ദര്‍ഭികമായി പറഞ്ഞുവെന്നേയുള്ളു. പ്രതിഭാധനരായ മലയാളി വിദ്യാത്ഥികള്‍ പ്രവേശനം നേടുന്ന നിരവധി സ്വകാര്യ സര്‍വകലാശാലകളുണ്ട് രാജ്യത്ത്. മണിപ്പാല്‍ അക്കാദമി, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അശോക സര്‍വകലാശാല, അമിറ്റി സര്‍വകലാശാല, അസിം പ്രേംജി സര്‍വകലാശാല, സിംബയോസിസ്, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട്, ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍, പാറുല്‍ യുണിവേഴ്‌സിറ്റി, എസ്ആര്‍എം ഇങ്ങനെ സ്വകാര്യ സര്‍വകലാശാലകള്‍ നിരവധിയുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ വന്നു പഠിക്കുന്നവയാണ് ഇവയില്‍ മിക്കതും. വിദ്യാഭ്യാസത്തിനായി കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും ചൈനയിലേക്കും യുക്രെയ്‌നിലേക്കും ഒക്കെ പോകുന്നതിന്റെ നാലിലൊന്ന് ചെലവിന് ഇവിടെ തന്നെ പഠിക്കാം എന്നതാണ് ഓഫര്‍. ഈ സ്വകാര്യ സര്‍വകലാശാലകളുടെ ക്യാംപസുകള്‍ ഇവിടെ വരുന്നതിനൊപ്പം ഇവിടെത്തന്നെയുള്ളവയ്ക്ക് രാജ്യാന്തര നിലവാരമുള്ള സര്‍വകലാശാലകളായി മാറാനും കഴിയും.

കേരളം ഒരുക്കുന്ന സൗകര്യങ്ങള്‍



മെഡിസിനും എന്‍ജിനിയറിങ്ങും ഹ്യൂമാനിറ്റീസും കൊമേഴ്‌സും സയന്‍സും എല്ലാം ഒരേ ക്യാംപസില്‍ വരുമെന്നാണ് ബില്ലില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവും സ്‌കോളര്‍ഷിപ്പും ബില്‍ വ്യവസ്ഥ ചെയ്യുന്നു. നിയമനം യുജിസി മാനദണ്ഡം അനുസരിച്ചെന്നും 25 കോടിയുടെ എന്‍ഡോവ്‌മെന്റ് ഫണ്ട് വേണമെന്നും കരട് ബില്‍ ശുപാര്‍ശ ചെയ്യുന്നു. ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ മാത്രമാണ് സര്‍ക്കാരിന് ഇടപെടാന്‍ സാധ്യതയുള്ളത്. സ്വകാര്യ സര്‍വകലാശാലയില്‍ വിസിറ്റര്‍ പദവിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി വേണം എന്ന നിര്‍ദേശം മന്ത്രിസഭ ഒഴിവാക്കി. വിസിറ്റര്‍ ചാന്‍സലര്‍ക്ക് തുല്യമായ പദവിയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സ്വകാര്യ സര്‍വകലാശാലയുമായി ബന്ധിപ്പിച്ചാല്‍ സര്‍ക്കാര്‍ പലകാര്യങ്ങള്‍ക്കും ഉത്തരം പറയേണ്ടി വരും എന്നു സിപിഐ ഉള്‍പ്പെടെ വാദിച്ചു. അതോടെ അത് ഒഴിവായി. വിസിറ്റര്‍ പദവയില്‍ നിന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയെ മാറ്റിയെങ്കിലും ഗവേണിങ് കൗണ്‍സിലില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സര്‍ക്കാര്‍ നോമിനിയായ വിദ്യാഭ്യാസ വിദഗ്ധനും ഉണ്ടാകും. സ്വകാര്യ സര്‍വകലാശാലകള്‍ മാത്രമല്ല വിദേശ സര്‍വകലാശാലകളുമായി സഹകരണവും ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്നു. ഓരോ സ്വകാര്യ സര്‍വകലാശാലകളും മറ്റു സംസ്ഥാനങ്ങളില്‍ മിനി ടൗണ്‍ഷിപ്പുകളാണ്. ഷോപ്പിങ് മാളുകളും ഫ്‌ലാറ്റുകളും എല്ലാം ഉള്‍പ്പെടെയാണ് ഇവ രൂപകല്‍പന ചെയ്യുന്നത്.

ഇടത് ചിന്തകര്‍ പറയുന്നത്



ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്ന വിദ്യാഭ്യാസ വിദഗ്ധനും മുന്‍ വൈസ് ചാന്‍സലറും ചരിത്രകാരനുമാണ് ഡോ. രാജന്‍ ഗുരുക്കള്‍. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ ഡോ. രാജന്‍ ഗുരുക്കളുടെ നിര്‍ദേശം കൂടി അനുസരിച്ചാണ് സ്വകാര്യ സര്‍വകലാശാല ബില്‍ തയ്യാറാക്കിയത്. സ്വയം ഭരണ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍വകലാശാലകള്‍ ആയി മാറാനുള്ള നിയമതടസ്സം മാറ്റാനാണ് ബില്‍ എന്നാണ് ഡോ. രാജന്‍ ഗുരുക്കല്‍ വിശദീകരിക്കുന്നത്. സെയ്ന്റ് തേരേസാസ്, തേവര എസ് എച്ച്, രാജഗിരി, ദേവഗിരി, ഇങ്ങനെ നിരവധി ഓട്ടോണമസ് സ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഇവയ്ക്കു സര്‍വകലാശാലാ പദവി നല്‍കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യം എന്ന വാദം നിലനില്‍ക്കണം എന്നില്ല. അശോകയും ക്രൈസ്റ്റും അമിറ്റിയും അമൃതയുമെല്ലാം കേരളത്തിലേക്കു വരാന്‍ പണ്ടേ സമ്മര്‍ദ്ദം ചെലുത്തുന്നവയാണ്. സ്വകാര്യ സര്‍വകലാശാലകള്‍ക്കായി വിദ്യാഭ്യാസ സംഗമം നടത്തിയ ടി പി ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്.

ഓരോന്നിനും ഓരോ സമയമുണ്ടെന്നാണ് ഉന്നതവിദ്യാഭ്യാസമന്ത്രി വിശദീകരിക്കുന്നത്. പഴയ എതിര്‍പ്പുകള്‍ മാറുന്നു എന്നതു തന്നെ ഗുണപരമായി എടുക്കാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com