തൻ്റെ അമ്മ ഇന്ദിരാഗാന്ധിയെ പോലെ ഇച്ഛാശക്തിയുള്ളവളാണ് പ്രിയങ്കയെന്നായിരുന്നു രാജീവ് ഗാന്ധി ഒരിക്കൽ അഭിമാനപൂർവം പറഞ്ഞത്
'എല്ലാവരും കോൺഗ്രസ്ക്ക് വോട്ട് പൊടുങ്കൾ,' തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ അമ്മ സോണിയക്കൊപ്പമെത്തിയ പ്രിയങ്ക ഗാന്ധി ഈ നാല് വാക്കുകൾ മാത്രം പറഞ്ഞ് മൈക്ക് കൈമാറി. അവർ നീണ്ട പ്രസംഗങ്ങൾ നടത്തിയില്ല, വലിയ മുദ്രാവാക്യങ്ങൾ മുഴക്കിയില്ല. എന്നാൽ സോണിയക്കായി, കോൺഗ്രസിനായി അവിടെ എത്തിച്ചേർന്ന ജനക്കൂട്ടം അന്ന് പ്രിയങ്കയിൽ കണ്ടത് അവരുടെ ഭാവി നേതാവിനെയായിരുന്നു. വളരെ കാലമായി കോൺഗ്രസിനായി പ്രചരണത്തിൽ സജീവമായിരുന്നു പ്രിയങ്ക വയനാട്ടിൽ നാമനിർദേശപത്രിക സമർപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുകയാണ്. 17ാം വയസിൽ അച്ഛൻ രാജീവ് ഗാന്ധിക്കായി ആദ്യപ്രചരണത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പിനായി നീണ്ട 35 വർഷങ്ങൾ വേണ്ടി വന്നു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം, അതായത് 5 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിന് പ്രിയങ്ക വിജയിക്കുമെന്നായിരുന്നു കോൺഗ്രസിൻ്റെ പ്രസ്താവന. എന്നാൽ രാഹുൽ ഗാന്ധി വഞ്ചിച്ചെന്ന എതിർ പാർട്ടികളുടെ പ്രചരണമടക്കം, കോൺഗ്രസിൻ്റെ പ്രതീക്ഷ തകർത്തു. ജനങ്ങൾ പോളിങ് ബൂത്തിലെത്താഞ്ഞതോടെ, വിജയം നാല് ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരിക്കുമെന്ന പ്രഖ്യാപനമാണ് പാർട്ടി ഏറ്റവുമൊടുവിൽ നടത്തിയിരിക്കുന്നത്. 2019ലും 2024ലും രാഹുൽ ഗാന്ധിക്കായി വയനാട്ടിൽ സജീവമായിരുന്ന പ്രിയങ്കാ ഗാന്ധിക്ക്, മണ്ഡലത്തെ കുറിച്ച് വ്യക്തമായ ചിത്രമുണ്ട്. കാലാകാലങ്ങളായി കോൺഗ്രസിനെ ജയിപ്പിച്ച് പോന്ന വയനാട്ടിൽ പ്രിയങ്കയ്ക്ക് കന്നിയങ്കത്തിൽ തന്നെ വിജയം നേടനാവുമെന്ന പ്രതീക്ഷ തന്നെയാണ് പാർട്ടിക്ക്.
പ്രിയങ്ക- ഇന്ദിരയുടെ പേരക്കുട്ടി
രാഹുൽ ഗാന്ധി വയനാട് സന്ദർശിച്ചത് രണ്ട് തവണയാണ്.ആദ്യം നാമനിർദേശപത്രിക സമർപ്പിക്കാനും, രണ്ടാമതായി ഒരു ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും. എന്നാൽ സഹോദരി പ്രിയങ്കയെ ചേർത്ത് പിടിച്ചുകൊണ്ട്, രാഹുൽ മൂന്ന് തവണ വയനാട്ടിലെത്തി. വയനാട്ടിലെ കോൺഗ്രസ് പാർട്ടിയും മണ്ഡലം ഇന്നേ വരെ കാണാത്തത്ര വലിയ സ്വീകരണമാണ് പ്രിയങ്കയ്ക്ക് നൽകിയത്. രാഹുൽ ഒഴിഞ്ഞുപോയതിൻ്റെ ക്ഷീണം തീർക്കുക മാത്രമല്ല ഈ സ്വീകരണത്തിൻ്റെയും തകർപ്പൻ പ്രചരണത്തിൻ്റെയും ഉദ്ദേശം. അതെ, ഇന്ത്യൻ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയുടെ ചുണയുള്ള പേരക്കുട്ടിയാണ് പ്രിയങ്ക ഗാന്ധി.
ചെറുപ്രായത്തിലേ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായുള്ള മുഖച്ഛായയുടെ പേരിൽ ആളുകൾ പ്രിയങ്കയെ ശ്രദ്ധിച്ചിരുന്നു. ബോബ് ചെയ്ത മുടി, ക്രിസ്പ് കോട്ടൺ സാരി, വ്യക്തമായി ഹിന്ദിയിൽ ആളുകളുമായി ഇടപഴകുന്ന പ്രിയങ്ക, ഇന്ദിരയെ പോലെ രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് കോൺഗ്രസ് പാർട്ടി ഉറച്ച് വിശ്വസിച്ചു. "എന്റെ മുത്തശ്ശി ഒരു വിപ്ലവകാരിയും പോരാളിയുമായിരുന്നു. ഞാനൊരു പോരാളി മാത്രമാണ്. നാം അടിയുറച്ച് വിശ്വസിക്കുന്ന ഒന്നിന് വേണ്ടി പോരാട്ടം തുടങ്ങിക്കഴിഞ്ഞാൽ അതിൽ നിന്ന് പിന്മാറില്ല എന്നത് മാത്രമാകും ഞാനും അവരും തമ്മിലുള്ള സാമ്യത," ഒരിക്കൽ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.
പ്രിയങ്ക, തൻ്റെ അമ്മയെ പോലെ ഇച്ഛാശക്തിയുള്ളവളാണെന്നായിരുന്നു രാജീവ് ഗാന്ധി ഒരിക്കൽ മകളെ കുറിച്ച് അഭിമാനപൂർവം പറഞ്ഞത്. കോൺഗ്രസ് നേതാവായ ജഗ്‌ദീഷ് പിയൂഷ് 1999ൽ തെരുവിലറങ്ങി വിളിച്ചുപറഞ്ഞതും മറിച്ചല്ലായിരുന്നു. "അമേഠി കാ ധാൻകാ, ബിടിയാ പ്രിയങ്ക," (അമേഠിയുടെ കാഹളം, മകൾ പ്രിയങ്ക) ജഗ്‌ദീഷ് പിയൂഷിൻ്റെ ഈ മുദ്രാവാക്യം പിന്നീട് അമേഠിയിലെ ചുമരുകളിൽ നിറഞ്ഞു. ഇന്ദിര ഗാന്ധിയോടുള്ള സാമ്യത തന്നെയായിരിക്കണം പ്രിയങ്കയെ അമേഠിക്ക് ഇത്രയധികം പ്രിയങ്കരിയാക്കിയത്.
സജീവ രാഷ്ട്രീയത്തിൽ പങ്കാളിയായിരുന്നില്ലെങ്കിൽ പോലും, തൻ്റെ കുടുംബത്തിനായി പലപ്പോഴും പ്രചരണരംഗത്ത് സജീവമായിരുന്നു പ്രിയങ്ക. പ്രാരംഭഘട്ടത്തിൽ അമ്മ സോണിയ ഗാന്ധിക്ക് വേണ്ടി അമേഠിയിൽ പ്രചരണം നടത്താൻ പ്രിയങ്ക മുൻപന്തിയിലുണ്ടായിരുന്നു. പിന്നാലെ അവർ സഹോദരൻ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദികളിലെ നിറസാന്നിധ്യമായി. 2004ലെ ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിൽ പ്രചരണ റാലികളിലൂടയാണ് പ്രിയങ്ക ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിൽ തൻ്റെ നിലയുറപ്പിക്കുന്നത്.
2007ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ, രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് സംസ്ഥാനമൊട്ടാകെയുള്ള പ്രചരണചുമതല നൽകിയപ്പോൾ, പ്രിയങ്ക കൈകാര്യം ചെയ്തത് അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ പത്ത് സീറ്റുകളായിരുന്നു. സീറ്റ് വിഭജനത്തെച്ചൊല്ലി പാർട്ടി പ്രവർത്തകർക്കുള്ളിലായ തർക്കം പരിഹരിക്കാനും അവർക്ക് സാധിച്ചു.
സജീവ രാഷ്ട്രീയത്തോട് മുഖം തിരിച്ച കാലം
നീണ്ടകാലം തൻ്റെ സഹോദരനും അമ്മയ്ക്കും വേണ്ടി പ്രചരണവേദികൾ കയറിയിറങ്ങിയെങ്കിലും പ്രിയങ്ക ഒരിക്കൽ പോലും സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയില്ല. 1997ൽ ബിസിനസുകാരനായ റോബർട്ട് വാദ്രയുമായുള്ള കല്യാണം, പിന്നാലെ രണ്ട് കുട്ടികൾ. താൻ കുടുംബത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് പ്രഖ്യാപിച്ച് പ്രിയങ്ക രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നു. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകൾ, ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകൾ, രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പാർട്ടി പ്രവർത്തകർ ആഗ്രഹിച്ചിരുന്നു. 2004ലെ പ്രചരണത്തിന് ശേഷം, 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഗാന്ധി കുടുംബത്തിലെ പിൻമുറക്കാരി ഗോദയിലിറങ്ങണമെന്ന ആഹ്വാനം ശക്തമായിരുന്നു.
എന്നാൽ ബുദ്ധപഠനത്തിൽ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക, ആത്മപരിശോധനയ്ക്ക് വളരെയധികം പ്രാധാന്യം കൽപിച്ചു. ഈ ആത്മപരിശോധനയുടെ ഫലമായി തന്നെയാണ് അവർ വളരെ കാലം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നത്. പിതാവിൻ്റെ മരണത്തിൽ കൊലയാളിയോട് മാത്രമല്ല, മുഴുവൻ ലോകത്തോടും തനിക്ക് ദേഷ്യമുണ്ടെന്നായിരുന്നു 2009ൽ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലെ പ്രിയങ്കയുടെ പ്രസ്താവന. വർഷങ്ങൾ കഴിഞ്ഞിട്ടും പിതാവിൻ്റെ മരണത്തിൽ നിന്നും പുറത്തുവന്നിട്ടില്ലെന്ന തിരിച്ചറിവ് തന്നെയാണ് പ്രിയങ്കയെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തിയത്.
രാജീവ് ഗാന്ധിയുടെ ചിതയ്ക്ക് മുന്നിൽ
രാഷ്ട്രീയത്തിലേക്ക്
"ഒരു സുന്ദരമായ മുഖം ഉണ്ടായത് കൊണ്ട് മാത്രം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കില്ല, അവർ വളരെ സുന്ദരിയാണ് എന്നാൽ അവർക്ക് രാഷ്ട്രീയ നേട്ടങ്ങളോ കഴിവുകളോ ഇല്ല," രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത് മുതൽ എതിർപാർട്ടികളിൽ നിന്നും പ്രിയങ്ക ഗാന്ധിക്ക് നിരന്തരം കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ സാരിയുമുടുത്ത് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച പ്രിയങ്ക ഗാന്ധിക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രിയങ്കയെ ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാവുന്നത്. രാഹുലിൽ നിന്ന് വ്യത്യസ്തമായി തടസങ്ങളില്ലാതെ ഹിന്ദി സംസാരിക്കാനും പൊതുജനങ്ങളുമായി എളുപ്പത്തിൽ ഇടപഴകാനും പ്രിയങ്കയ്ക്ക് സാധിച്ചിരുന്നു. നരേന്ദ്രമോദിയെ അൽപമെങ്കിലും തളർത്താൻ രാഹുലിനേക്കാൾ പ്രിയങ്കയ്ക്ക് സാധിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകരിൽ പലരും വിശ്വസിച്ചു. അക്കാലത്തും പ്രചാരണത്തിൽ മാത്രം ഒതുങ്ങി നിന്നെങ്കിലും, പിന്നാലെ പാർട്ടിക്ക് തന്നെ ആവശ്യമാണെന്ന വ്യക്തമായ ബോധ്യം പ്രിയങ്കക്കുണ്ടായി.
2019ൽ കിഴക്കൻ ഉത്തർപ്രദേശിലെ കോൺഗ്രസ് ജനറൽ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധി ഔദ്യോഗികമായി സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. പിന്നാലെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഉയർത്തികൊണ്ടുവരാനും ആ നേതാവിന് സാധിച്ചു. 2020 സെപ്റ്റംബർ 11-ന്, ഉത്തർപ്രദേശിൻ്റെ മുഴുവൻ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രിയങ്ക നിയമിതയായി.
രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചതിന് പിന്നാലെ ഒന്നിന് മീതെ ഒന്നായി പ്രിയങ്കയുടെ പ്രതികരണങ്ങളെത്തി. ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് അദാനിക്കും അംബാനിക്കും വേണ്ടിയാണെന്ന് പ്രിയങ്ക തുറന്നടിച്ചു. ഹരിയാനയിൽ വിനേഷ് ഫോഗട്ടിനുവേണ്ടി പ്രചാരത്തിനെത്തിയ പ്രിയങ്കയുടെ വാക്കുകളും ചർച്ചയായി.
ബുൾഡോസർ രാജിനെതിരെയും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയും പ്രിയങ്ക ശബ്ദമുയർത്തി. യാതൊരു മടിയും ഇല്ലാതെ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചെറു പുഞ്ചിരിയോടെ ജനങ്ങളോട് ഇടപഴകുമ്പോളും ദയയില്ലാതെ എതിരാളികളോട് പോരാടാൻ പ്രിയങ്കയുടെ വാക്കുകൾക്ക് കഴിഞ്ഞിരുന്നു. ഞാൻ ഒരു പെൺകുട്ടിയാണ്, എനിക്കും പോരാടാനാകും ഈ വാക്കുകൾ പ്രാവർത്തികമാക്കി കൊണ്ടുള്ള പോരാട്ടമായിരുന്നു പ്രിയങ്ക കാഴ്ച വെച്ചിരുന്നതും.
ഇനി പ്രിയങ്കയുടെ പോരാട്ടം വയനാട്ടിലാണ്. സ്നേഹവും വാത്സല്യവും തിരികെ നൽകാനും അവർക്കു വേണ്ടി പ്രവർത്തിക്കാനും പ്രതിനിധിയാകാനും അവസരം നൽകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു പോളിങ് ദിനത്തിലെ പ്രിയങ്കയുടെ പ്രസ്താവന. വയനാട് പ്രിയങ്കയെ എത്ര കണ്ട് സ്നേഹിക്കുന്നുണ്ടെന്ന് കാത്തിരുന്ന് കാണാം.