
ഡൽഹി പ്രീമിയർ ലീഗ് ടി20 ക്രിക്കറ്റിൽ ഒരോവറിൽ പിറന്നത് 6 കൂറ്റൻ സിക്സറുകൾ പറത്തി യുവരാജ് സിംഗിൻ്റെ ലോക റെക്കോർഡ് പ്രകടനത്തിനൊപ്പം എത്തി ഒരു ഇന്ത്യൻ യുവ ബാറ്റർ. സൗത്ത് ഡൽഹി സൂപ്പർ സ്റ്റാർസിന് വേണ്ടി പ്രിയാംശ് ആര്യ (50 പന്തിൽ 120 റൺസ്), ആയുഷ് ബദോനി (55 പന്തിൽ 165 റൺസ്) ചേർന്ന് ടീമിന് നിശ്ചിത 20 ഓവറിൽ 308/5 സമ്മാനിച്ചിരുന്നു.
ടി20 ക്രിക്കറ്റിൽ ഒരു ടീം നേടുന്ന ഏറ്റവുമുയർന്ന ടീം സ്കോറാണിത്. ഇത് രണ്ടാം തവണയാണ് ഒരു ബാറ്റിംഗ് ടീം ടി20യിൽ 300+ സ്കോർ നേടുന്നത്. 103 പന്തിൽ നിന്ന് 286 റൺസിൻ്റെ കൂട്ടുകെട്ടാണ് പ്രിയാൻഷും ബദോണിയും നേടിയത്. ഇത് ടി20 ക്രിക്കറ്റിലെ ഏതൊരു വിക്കറ്റിലെയും ഉയർന്ന കൂട്ടുകെട്ടാണ്. എന്നാൽ ഈ പ്രകടനങ്ങൾ അന്താരാഷ്ട്ര റെക്കോർഡ് ബുക്കിലിടം നേടുമോയെന്ന് സംശയമാണ്.
ആദ്യ ഇന്നിംഗ്സിൻ്റെ 12ാം ഓവറിലാണ് തുടർച്ചയായ ആറ് പന്തുകളിൽ ആറ് സിക്സറുകൾ പ്രിയാംശ് ആര്യ പറത്തിയത്. മുമ്പ് ആഭ്യന്തര ടി20 മത്സരങ്ങളിൽ ഒരോവറിൽ ആറ് സിക്സറുകൾ പറത്തിയിട്ടുള്ളത് റോസ് വൈറ്റ്‌ലി (2017), ഹസ്രത്തുള്ള സസായി (2018), ലിയോ കാർട്ടർ (2020) എന്നിവരാണ്. രാജ്യാന്തര തലത്തിൽ യുവരാജ് സിംഗ്, കീറോൺ പൊള്ളാർഡ്, ദിപേന്ദ്ര സിംഗ് ഐറി (രണ്ട് തവണ) എന്നിവരാണ് ഈ അപൂർവ നേട്ടം കൈവരിച്ചിട്ടുള്ളത്.