'പുലിമുരുകനു വേണ്ടി എടുത്ത ലോണ്‍ രണ്ട് മാസത്തിനുള്ളില്‍ അടച്ചു തീര്‍ത്തു; തെറ്റായ പ്രചരണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണം'

3 കോടി രൂപയില്‍ അധികമാണ് ഈ ചിത്രത്തിന് വേണ്ടി താന്‍ ഇന്‍കം ടാക്‌സ് അടച്ചത്
'പുലിമുരുകനു വേണ്ടി എടുത്ത ലോണ്‍ രണ്ട് മാസത്തിനുള്ളില്‍ അടച്ചു തീര്‍ത്തു; തെറ്റായ പ്രചരണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണം'
Published on

പുലിമുരുകനെ കുറിച്ചുള്ള ടോമിന്‍ തച്ചങ്കരിയുടെ പ്രസ്താവന തള്ളിക്കളഞ്ഞ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. പുലിമുരുകനു വേണ്ടി നിര്‍മാതാവ് എടുത്ത വായ്പ ഇതുവരെ അടച്ചു തീര്‍ത്തിട്ടില്ലെന്നായിരുന്നു ടോമിന്‍ തച്ചങ്കരിയുടെ പ്രസ്താവന. ഇത് തള്ളിക്കൊണ്ടാണ് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം.

പ്ലാന്‍ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതല്‍ ചിലവായ ചിത്രമായിരുന്നെങ്കിലും തനിക്ക് ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമാണ് പുലിമുരുകന്‍. ചിത്രത്തിനായി കരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കോട്ടയം ശാഖയില്‍ നിന്ന് എടുത്ത 2 കോടി രൂപയുടെ ലോണ്‍ 2016 ഡിസംബര്‍ മാസത്തില്‍ തന്നെ അടച്ചു തീര്‍ക്കാനായി.

3 കോടി രൂപയില്‍ അധികമാണ് ഈ ചിത്രത്തിന് വേണ്ടി താന്‍ ഇന്‍കം ടാക്‌സ് അടച്ചത്. അത്രയധികം തുക ഇന്‍കം ടാക്‌സ് അടക്കണമെങ്കില്‍ പുലിമുരുകന്‍ തനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാന്‍ സാധിക്കുമല്ലോയെന്നും നിര്‍മാതാവ് ചോദിക്കുന്നു.

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി നൂറു കോടിയുടെ തിളക്കം സമ്മാനിച്ച ചിത്രം നിര്‍മിക്കാന്‍ സാധിച്ചതിലും അതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഒരു ഭാഗമായി മാറാന്‍ കഴിഞ്ഞതിലും അഭിമാനിക്കുന്ന വ്യക്തിയാണ് താന്‍. പുലിമുരുകന് ശേഷം ഒന്നിലധികം ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചതില്‍ ആ സിനിമയ്ക്ക് വലിയ പങ്കുണ്ട്. ഒന്‍പത് വര്‍ഷം മുന്‍പ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ വെറും മൂന്നാഴ്ചയില്‍ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളില്‍ ആകെ ബിസിനസ്സ് നടന്ന ചിത്രമാണ് പുലിമുരുകന്‍.

ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് ചിലര്‍ രംഗത്ത് വന്നത് ശ്രദ്ധയില്‍പെട്ടു. അതില്‍ അവര്‍ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്. തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് നിങ്ങള്‍ക്ക് മുന്നിലെത്തുമെന്നും ടോമിച്ചന്‍ മുളകുപാടം സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com