
പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഷാനു ഇസ്മയിലിനെയാണ് കൊച്ചിയിലെ ദ്വാരക ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനാണ് മരിച്ച ഷാനു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പരാതി ലഭിച്ചത്. 2018-ലായിരുന്നു കേസിനാസ്പദമായ സംഭവം.
കഴിഞ്ഞ സെപ്റ്റംബര്‍ 11 നാണ് ഷാനുവും മറ്റ് രണ്ട് പേരും ഹോട്ടലില്‍ രണ്ട് മുറിയെടുത്തത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ മുറി വേക്കേറ്റ് ചെയ്ത് പോയിട്ടും ഷാനു മുറിയില്‍ തുടരുകയായിരുന്നു. ഇയാള്‍ റൂമില്‍ നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മുറിയിലെ ബാത്റൂമില്‍ മരിച്ചനിലയില്‍ കണ്ടത്. ഇവര്‍ മദ്യപിച്ചിരുന്നതായി ഹോട്ടല്‍ ഉടമ ന്യൂസ് മലയാളത്തോട് പറഞ്ഞു. സെന്‍ട്രല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.