ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക് സ്വർണ നേട്ടത്തിന് പിന്നിൽ ഒരു ചാലകശക്തിയായ പ്രവർത്തിച്ചത് ഒരു മലയാളി പരിശീലകനായിരുന്നു എന്നതിൽ കായിക കേരളത്തിനും അഭിമാനിക്കാൻ വകയേറെയുണ്ട്.
ഇന്ത്യൻ ഷൂട്ടിങ് ടീമിനെ ഒളിംപിക്സ് മെഡലുകൾ സ്വപ്നം കാണാൻ പഠിപ്പിച്ച ദ്രോണാചാര്യരായിരുന്നു പ്രൊഫ. സണ്ണി തോമസ്. ഒളിംപിക്സിൽ ഇന്ത്യക്ക് വ്യക്തിഗത ഇനങ്ങളിൽ മെഡലുകൾ നേടാനാകുമെന്ന വിശ്വാസം പകർന്നുനൽകിയത് അദ്ദേഹമായിരുന്നു. നീണ്ട 19 വർഷങ്ങൾ ചീഫ് കോച്ചെന്ന നിലയിൽ ഇന്ത്യൻ ഷൂട്ടിങ്ങിന് കരുത്തുറ്റൊരു അടിത്തറ പാകിയാണ് സണ്ണി തോമസ് കാലയവനികയ്ക്കുള്ളിലേക്ക് മറയുന്നത്. നീണ്ട രണ്ട് പതിറ്റാണ്ട് കാലം ഷൂട്ടിങ്ങിൽ ഇന്ത്യ നേടിയ മെഡൽത്തിളക്കങ്ങൾക്ക് പിന്നിൽ, മുഖ്യ പരിശീലകൻ എന്ന നിലയിലുള്ള സണ്ണി തോമസിൻ്റെ കഠിനാധ്വാനവും അർപ്പണബോധവും കൂടി മറഞ്ഞിരിപ്പുണ്ട്.
വിവിധ ഒളിംപിക്സുകളിലായി ഇന്ത്യൻ ടീം ഷൂട്ടിങ്ങിൽ സ്വർണം, വെള്ളി മെഡലുകൾ നേടാനാരംഭിച്ചത് ഈ കോട്ടയംകാരൻ്റെ പരിശീലന കാലയളവിലായിരുന്നു. ഒളിംപിക്സിൽ ഇന്ത്യക്കായി സ്വർണ മെഡൽ വെടിവെച്ചിട്ട് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നത് സണ്ണി തോമസ് ആയിരുന്നുവെന്നത് ചരിത്രം. ബിന്ദ്രയടക്കം നിരവധി അന്താരാഷ്ട്ര ഷൂട്ടർമാരെ അദ്ദേഹം രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
2004ൽ ആതൻസ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാത്തോഡ് വെള്ളി നേടിയപ്പോൾ, ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തിലെ ആദ്യത്തെ വ്യക്തിഗത വെള്ളി നേട്ടമായിരുന്നു അത്. 2008ൽ അഭിനവ് ബിന്ദ്ര അത് സ്വർണ മെഡലായി ഉയർത്തി. ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക് സ്വർണമായിരുന്നു ഇത്. അതിന് പിന്നിൽ ഒരു ചാലകശക്തിയായ പ്രവർത്തിച്ചത് ഒരു മലയാളി പരിശീലകനായിരുന്നു എന്നതിൽ കായിക കേരളത്തിനും അഭിമാനിക്കാൻ വകയേറെയുണ്ട്.
സണ്ണി തോമസിന് കീഴിൽ 2012ലെ ലണ്ടൻ ഒളിംപിക്സിൽ വിജയകുമാർ വെള്ളിയും ഗഗൻ നാരങ് വെങ്കലവും നേടിയിരുന്നു. ഏഷ്യൻ ഗെയിംസുകളിൽ 29 മെഡലുകളും കോമൺ വെൽത്ത് ഗെയിംസിൽ 95 മെഡലുകളും സണ്ണി തോമസിൻ്റെ ശിഷ്യർ വെടിവെച്ചിട്ടിരുന്നു. ഷൂട്ടിങ് വേൾഡ് കപ്പിലെ മെഡൽ നേട്ടം അമ്പതിന് മുകളിലാണ്.
അധ്യാപന ജീവിതത്തിനിടെ വഴിത്തിരിവായത് കോട്ടയം റൈഫിൾ ക്ലബ്ബ്
1965ൽ കോട്ടയം റൈഫിൾ ക്ലബ്ബിൽ ചേർന്നതാണ് സണ്ണിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഷൂട്ടിങ്ങിൽ അഞ്ച് തവണ സംസ്ഥാന ചാംപ്യനും, 1976ൽ ദേശീയ ചാംപ്യനുമായിരുന്നു. റൈഫിൾ ഓപ്പൺ സൈറ്റ് ഇവൻ്റിലാണ് ദേശീയ ചാംപ്യനായത്. 1993 മുതൽ 2012 വരെ നീണ്ട 19 വർഷം അദ്ദേഹം ഇന്ത്യൻ ഷൂട്ടിംഗ് ടീമിൻ്റെ പരിശീലകനായിരുന്നു. 2001ലാണ് സണ്ണി തോമസിനെ ദ്രോണാചാര്യ ബഹുമതി നൽകി രാജ്യം ആദരിച്ചത്.
കോട്ടയം തിടനാട് മേക്കാട്ട് കെ.കെ. തോമസിൻ്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബർ 26നാണ് സണ്ണി തോമസിൻ്റെ ജനനം. കോട്ടയം സിഎംഎസ് കോളേജിലായിരുന്നു വിദ്യാഭ്യാസം. ഉഴവൂർ സെൻ്റ് സ്റ്റീഫൻസിൽ ഇംഗ്ലീഷ് അധ്യാപകനായി ചേരും മുൻപ് തേവര സേക്രഡ് ഹാർട്ട് കോളേജിലും പഠിപ്പിച്ചു. കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിങ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. അദ്ദേഹം ജോലി ചെയ്തിരുന്ന അതേ കോളേജിലെ സസ്യശാസ്ത്ര പ്രൊഫസറായ കെ.ജെ. ജോസമ്മ സണ്ണിയാണ് ഭാര്യ. മനോജ് സണ്ണി, സനിൽ സണ്ണി, സോണിയ സണ്ണി എന്നിവർ മക്കളാണ്.