fbwpx
പ്രൊഫ. അലി ഖാന്‍ മഹ്‌മൂദാബാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹിന്ദുത്വവാദികളെ വിറളി പിടിപ്പിക്കുന്നതെന്തുകൊണ്ട്?
logo

കവിത രേണുക

Last Updated : 23 May, 2025 01:46 PM

യുദ്ധത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ആരും തന്നെ യുദ്ധബാധിത പ്രദേശം സന്ദര്‍ശിക്കുകയോ അവിടെ ജീവിക്കുകയോ ചെയ്തിട്ടുണ്ടാവില്ല. സംഘര്‍ഷത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന ഈ പറയുന്നവര്‍ക്കാര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുകയുമില്ല. യുദ്ധം ക്രൂരമാണ്.

NATIONAL

അശോക യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദ് മെയ് എട്ടിന് തന്റെ ഫേസ്ബുക്കില്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് പങ്കുവെക്കുന്നു. അത് ബിജെപിക്കാരെയും വലതുപക്ഷ ചിന്താഗതിക്കാരെയും പ്രകോപിതരാക്കുന്നു. പരിണിത ഫലമായി പ്രൊഫസര്‍ അലി ഖാനെതിരെ ഹരിയാനയിലെ യുവമോര്‍ച്ച യൂണിറ്റ് ജനറല്‍ സെക്രട്ടറി യോഗേഷ് ജതേരിയും സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേണു ഭാട്ടിയയും പരാതി നല്‍കുന്നു.

മെയ് 18ന് പുലര്‍ച്ചെ 6.30ന് ഡല്‍ഹിയിലെ വസതിയിലെത്തി ഹരിയാന പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു. 15 പേരടങ്ങുന്ന സംഘമാണ് അലി ഖാന്റെ വീട്ടിലെത്തിയത്. അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. വിഷയത്തില്‍ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യവും അനുവദിച്ചു. എന്നാല്‍ കേസ് റദ്ദാക്കണമെന്ന അലി ഖാന്റെ ആവശ്യം തള്ളിയ കോടതി അന്വേഷിക്കാന്‍ ഹരിയാനക്ക് പുറത്തുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കാനാണ് നിര്‍ദേശിച്ചത്.

ഇത്രയും കോലാഹലമുണ്ടാകാന്‍ മാത്രം എന്തായിരുന്നു അലി ഖാന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ടായിരുന്നത്? അത് രാജ്യദ്രോഹപരമായിരുന്നോ? എന്തുകൊണ്ടാണ് ഈ പോസ്റ്റ് ഹിന്ദുത്വവാദികളെ വിറളി പിടിപ്പിക്കുന്നത്?


ALSO READ: ഔറംഗസേബ് - ചരിത്രം, മതം, രാഷ്ട്രീയം


ഭാരതീയ ന്യായ സംഹിത പ്രകാരം സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിന് വിരുദ്ധമായ പ്രവൃത്തികള്‍, ഐക്യത്തിന് കോട്ടം വരുത്തുന്ന പ്രസ്താവനകള്‍, പരമാധികാരത്തെ അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍, സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്കുകള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രഫസര്‍ക്കെതിരെ കേസെടുത്തത്.

ഏപ്രില്‍ 22ന് പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ സൈന്യം പാകിസ്ഥാന് തിരിച്ചടി നല്‍കിയത്. രണ്ട് ദിവസം തുടര്‍ച്ചയായി നിന്ന ആക്രമണ പ്രത്യാക്രമണങ്ങള്‍ ഒരു ഘട്ടത്തില്‍ യുദ്ധത്തിലേക്കാണോ പോകുന്നതെന്ന ആശങ്കയും നമ്മിലുണ്ടാകാതിരുന്നില്ല. ആ ആശങ്കയെ തന്നെയായിരുന്നു അലി ഖാനും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.


പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനത്തെ വിമര്‍ശിച്ചുകൊണ്ടും ഇന്ത്യയുടെ സൈനിക നടപടിയെ പിന്തുണച്ചുകൊണ്ടുമുള്ള അലി ഖാന്റെ ആ കുറിപ്പ് ഇങ്ങനെയാണ്;

'ഭീകരരെ പിന്തുണയ്ക്കുന്ന ഏത് രാജ്യത്തിനും മറുപടി കിട്ടുക തന്നെ ചെയ്യും. അത് തന്നെയാണ് ഇന്ത്യയും ഓപറേഷന്‍ സിന്ദൂറിലൂടെ ചെയ്തത്. എന്നാല്‍ ഇരു ഭാഗത്തുമുള്ള പൗരരുടെ ജീവന്‍ ഇതിലൂടെ ദുരന്ത പൂര്‍ണമാകുന്നു. അതുകൊണ്ടാണ് യുദ്ധം ഒഴിവാക്കണമെന്ന് പറയുന്നത്.

യുദ്ധത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ആരും തന്നെ യുദ്ധബാധിത പ്രദേശം സന്ദര്‍ശിക്കുകയോ അവിടെ ജീവിക്കുകയോ ചെയ്തിട്ടുണ്ടാവില്ല. ഒരു സിവില്‍ മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു എന്നതുകൊണ്ട് ആരും ഇവിടെ സൈനികനായി മാറുന്നുമില്ല. സംഘര്‍ഷത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന ഈ പറയുന്നവര്‍ക്കാര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുകയുമില്ല. യുദ്ധം ക്രൂരമാണ്.


യുദ്ധം എപ്പോഴും നേട്ടമുണ്ടാക്കുന്നത് രാഷ്ട്രീയക്കാര്‍ക്കും ഡിഫന്‍സ് കമ്പനികള്‍ക്കുമാണ്. കാരണം യുദ്ധം ഒഴിവാക്കാനാകാത്തതാവുന്നത് രാഷ്ട്രീയത്തിന്റെ വേരുകള്‍ ആഴ്ന്നു കിടക്കുന്നത് ഹിംസയിലാണ് എന്നതുകൊണ്ടാണ്.

രണ്ട് വനിതാ സൈനികര്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചെന്നത് പ്രധാനം തന്നെയാണ്. എന്നാല്‍ അത് ഇന്ത്യയിലെ യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ലെങ്കില്‍ കാപട്യമായി മാറും. കേണല്‍ സോഫിയ ഖുറേഷിയെ വലതുപക്ഷ കമന്റേറ്റേഴ്സ് പ്രശംസിക്കുന്നത് കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരുപക്ഷെ ഈ വലതുപക്ഷ ചിന്താഗതിക്കാര്‍ക്ക് ഇതുപോലെ തന്നെ ആള്‍കൂട്ട കൊലപാതകത്തിന് ഇരയാവുന്നവരെയും ബോള്‍ഡോസര്‍ രാജിന് വിധേയരാകുന്നവരെയും ബിജെപിയുടെ വിദ്വേഷ പ്രചരണങ്ങളില്‍ ഇരകളാകുന്നവരെയും ഇന്ത്യന്‍ പൗരരായി കണ്ട് സംരക്ഷിക്കാന്‍ സാധിച്ചേക്കും.

കേന്ദ്ര സര്‍ക്കാര്‍ പുറത്തു കാണിക്കാന്‍ ശ്രമിക്കുന്നതിനേക്കാളും അടിത്തട്ടില്‍ രാജ്യത്തെ സാധാരണ മുസ്ലീങ്ങള്‍ അനുഭവിക്കുന്ന യാഥാര്‍ഥ്യം വേറെയാണ്. അതേസമയം ആ വാര്‍ത്താ സമ്മേളനം കാണിക്കുന്നത്, നാനാത്വങ്ങളില്‍ ഐക്യം പ്രകടമാക്കുന്ന ഇന്ത്യ എന്ന ആശയം ഇന്നും മരിച്ചിട്ടില്ലെന്നാണ്'.


ALSO READ: ഒരു ചായ കുടിച്ചാലോ ? രുചി, ഉപജീവനം, അധിനിവേശം, പോരാട്ടം ചായയുടെ ചരിത്ര വഴികൾ


അലി ഖാന്റെ ഈ പോസ്റ്റ് അധികം വൈകാതെ ഹിന്ദുത്വ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഏറ്റെടുത്തു. ആ ഫേസ്ബുക്ക് പോസ്റ്റ് രാജ്യദ്രോഹപരമാണെന്ന് ആരോപിക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായാണ് യുവമോര്‍ച്ച നേതാവിന്റെ പരാതിയില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടു പോകുന്നത്.

കേണല്‍ സോഫിയ ഖുറേഷിയെ, കേന്ദ്ര സര്‍ക്കാര്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്താന്‍ വേണ്ടി മാത്രമാണ് കൊണ്ടു വന്നത് എന്നാണ് പ്രൊഫസര്‍ അലി ഖാന്‍ പറയുന്നതായി എഫ്ഐആറില്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ രാജ്യത്തെ മുസ്ലീങ്ങള്‍ക്കും അവരുടെ മതത്തിനുമെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയിലെ സംഘര്‍ഷം ഇരു രാജ്യങ്ങളിലെയും ചില സൈനിക ഉദ്യോഗസ്ഥര്‍ കാരണമാണ് ഉണ്ടായതെന്നും അലി ഖാന്‍ പറഞ്ഞതായും എഫ്ഐആറില്‍ പറയുന്നു.


രാജ്യത്തെ ആവിഷ്‌കാര സ്വാതന്ത്ര്യം എത്രമാത്രം ചോദ്യം ചെയ്യപ്പെടുന്നു എന്നതിന്റെ തെളിവാണ് അലി ഖാന്റെ അറസ്റ്റ്. ഇടക്കാല ജാമ്യം അനുവദിക്കുമ്പോഴും സുപ്രീം കോടതി അലി ഖാനോട് ചോദിച്ചത് നിങ്ങള്‍ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കുകയാണോ എന്നാണ്. വിവാദവുമായി ബന്ധപ്പെട്ട് ഇനി ഫേസ്ബുക്കില്‍ ഒന്നും കുറിക്കരുതെന്ന നിര്‍ദേശവും സുപ്രീം കോടതി മുന്നോട്ട് വെക്കുന്നു. അലി ഖാന്‍ തന്റെ കുറിപ്പില്‍ ഉപയോഗിച്ച വാക്കുകള്‍ ആളുകളെ മനഃപൂര്‍വ്വം ആക്ഷേപിക്കാനും കളിയാക്കാനും മറ്റുള്ളവരെ ബുദ്ധിമുട്ടിലാക്കാനും വേണ്ടിയുള്ളതാണോ എന്നും സുപ്രീം കോടതി ചോദിക്കുന്നുണ്ട്.

അലി ഖാന് കേസില്‍ നിന്ന് മുക്തനാവാന്‍ സാധിക്കുന്നില്ലെന്നതിന്റെ തെളിവാണ് കേസ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം. അതിന് തെളിവാണ് ദേശീയ വനിതാ കമ്മീഷന്‍ അലിഖാനെതിരെ സ്വമേധയാ എടുത്ത കേസ്.


Also Read
user
Share This

Popular

KERALA
KERALA
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍; ഷാളണിയിച്ച് രാജീവ് ചന്ദ്രശേഖർ