
അമേരിക്കയിൽ നിരവധി സ്റ്റേറ്റുകളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രൊജക്ട് ബ്ലൂ ബീം വീണ്ടും ചർച്ചയാകുന്നത്. അമേരിക്കയിൽ 90കളിൽ ഉയർന്നു കേട്ട ഈ ഗൂഢാലോചന സിദ്ധാന്തം. ഒരു ദേശീയ പ്രശ്നമായി വളർന്നുകഴിഞ്ഞു. ബൈഡൻ ഭരണകൂടം വിശദീകരണം നൽകാതെ വന്നതോടെ വിമർശനവുമായി ട്രംപും രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്കയിൽ ന്യൂ ജേഴ്സി, ന്യൂയോർക്ക് സിറ്റി, കിഴക്കൻ പെൻസിൽവേനിയ, മേരിലാൻഡ്, കണക്ടികറ്റ്, മസാച്ച്യുസൈറ്റ്സ് എന്നീ മേഖലകളിലാണ് ഇതിനകം സംശയാസ്പദമായ രീതിയിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് അമേരിക്കയിൽ ഡ്രോണുകളുടെ ഈ കൂട്ട പ്പറക്കൽ റിപ്പോർട്ട് ചെയ്തത്. ആളുകൾ ദൃശ്യങ്ങൾ ഉൾപ്പടെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ, ഇതൊരു ദേശിയ പ്രശ്നമായി വളർന്നു കഴിഞ്ഞു.
90കളിൽ ഉയർന്നു കേട്ട ബ്ലൂ ബീം നിഗൂഢത സിദ്ധാന്തത്തിൻ്റെ ലക്ഷ്യങ്ങളാണ് ഇതോടെ വീണ്ടും ചർച്ചയാകുന്നത്. നിലവിലെ മതങ്ങളെ ഇല്ലാതാക്കി ലോകത്ത് ഒറ്റമത സങ്കൽപ്പം കൊണ്ടുവരിക, ദേശിയതക്കുള്ളിൽ പൗരന്മാരെ നിലനിർത്തുന്നതിന് പകരം ലോകപൗരത്വത്തിലേക്ക് മാറ്റുക, പരമ്പരാഗത കുടുംബ ഘടനകളെ പൊളിച്ച് പുതിയ ഘടന കൊണ്ടുവരിക, ഈ ലക്ഷ്യം നേടാനായി അത്ഭുതകരമായ സംഭവങ്ങളെ ഉപയോഗിക്കുക എന്നിവയാണ് ബ്ലൂ ബീം തിയറി മുന്നോട്ട് വെക്കുന്നത്. ഈ ഡ്രോണുകളുടെ പ്രത്യക്ഷപ്പെടൽ അത്ഭുതകരമായ സംഭവമാണെന്നാണ് ഈ സിദ്ധാന്തത്തെ പിൻതുണക്കുന്നവർ വാദിക്കുന്നത്.
നിലവിലെ ബൈഡൻ ഭരണകൂടം പ്രശ്നത്തെ അഭിമുഖീകരിക്കാതിരുന്നതോടെയാണ് വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ കൂടുതൽ ചർച്ചയായത്. ഇതോടെ വിമർശനവുമായി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി. രാജ്യത്തുടനീളം നിഗൂഢ ഡ്രോണുകൾ പ്രത്യക്ഷപ്പെടുകയാണെന്നും നമ്മുടെ സർക്കാരിൻ്റെ അറിവില്ലാതെ ഇത് ശരിക്കും സംഭവിക്കുമോയെന്നും ട്രംപ് ചോദിക്കുന്നു. ഇനി സർക്കാരിന് ഇതിനെക്കുറിച്ച് അറിവില്ലെങ്കിൽ ഡ്രോണുകൾ വെടിവെച്ചിടണമെന്നും ഡോണൾഡ് ട്രംപ് ആഹ്ന്വാനം ചെയ്തു. ട്രംപിനെ പിന്തുണച്ച് നിരവധി റിപ്പബ്ലിക്കൻസും രംഗത്തെത്തി.
അതേ സമയം ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത് ഉദ്യോഗസ്ഥർക്കിടയിലും ജനപ്രതിനിധികൾക്കിടയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇറാൻ്റെ നീക്കമാണോ ഇതെന്നും ജനം സംശയിക്കുന്നു. എന്നാൽ നിലവിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നതിൽ വിദേശ രാജ്യങ്ങൾക്ക് പങ്കില്ലെന്നാണ് പെൻ്റഗണിൻ്റെ വിശദീകരണം.