ഷാരോൺ വധക്കേസ്: "വിഷത്തിൻ്റെ പ്രവര്‍ത്തനരീതി വെബ് സെര്‍ച്ചിലൂടെ ഉറപ്പുവരുത്തി"; ഗ്രീഷ്മയ്‌ക്കെതിരെ തെളിവുമായി പ്രോസിക്യൂഷന്‍

ഷാരോണിൻ്റേയും ഗ്രീഷ്മയുടെയും ഫോണിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി
ഷാരോൺ വധക്കേസ്: "വിഷത്തിൻ്റെ പ്രവര്‍ത്തനരീതി വെബ് സെര്‍ച്ചിലൂടെ ഉറപ്പുവരുത്തി"; ഗ്രീഷ്മയ്‌ക്കെതിരെ തെളിവുമായി പ്രോസിക്യൂഷന്‍
Published on


പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊന്ന കേസിൽ, പ്രതി ഗ്രീഷ്മയ്‌ക്കെതിരെ കോടതിയിൽ കൂടുതൽ തെളിവുകൾ സമർപ്പിച്ച് പ്രോസിക്യൂഷൻ. ഷാരോണിനെ കൊല്ലാൻ ഉപയോഗിച്ച വിഷത്തിൻ്റെ പ്രവർത്തനരീതി ഇൻ്റർനെറ്റിൽ സെർച്ച് ചെയ്തു ഗ്രീഷ്മ ഉറപ്പുവരുത്തിയെന്ന തെളിവാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. ഒക്ടോബർ 15 മുതലാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ കേസിലെ വാദം ആരംഭിച്ചത്. കോടതിയിൽ നാളെയും വിചാരണ തുടരും.

ഷാരോണിനെ കൊല്ലാൻ ഉപയോഗിച്ച കളനാശിനിയായ പാരാക്വാറ്റ് മനുഷ്യശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ച് ഗ്രീഷ്മ ഇൻ്റർനെറ്റിൽ സെർച്ച് ചെയ്തതിൻ്റെ തെളിവാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്.  ഷാരോണിന്റെയും ഗ്രീഷ്മയുടെയും ഫോണിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. വിചാരണയ്ക്കിടെ ഹോട്ടൽ മാനേജർ ഗ്രീഷ്മയെ തിരിച്ചറിയുകയും ചെയ്തു.

2022 ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ച കാമുകൻ ഷാരോണിനെ (23) ഗ്രീഷ്മ (22) വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരുടെ സഹായത്തോടെയാണ് കൊലപാതകമെന്നാണ് പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട്. 2022 ഒക്ടോബര്‍ 13നും 14നും ഗ്രീഷ്മ, രണ്ടും മൂന്നും പ്രതികളുടെ സഹായത്തോടെ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി കൊടുത്തു. തുടർന്ന് ഗുരുതരാവസ്ഥയിലായ ഷാരോൺ 2022 ഒക്ടോബർ 25ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചെന്നാണ് കുറ്റപത്രം. പാറശ്ശാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഗ്രീഷ്മയ്ക്ക് മികച്ച സാമ്പത്തിക പശ്ചാത്തലമുള്ള സൈനികൻ്റെ വിവാഹാലോചന വന്നപ്പോഴാണ് ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമം തുടങ്ങുന്നത്. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ പലതവണ ശ്രമിച്ചെങ്കിലും ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതോടെ ഷാരോണിനെ കൊലപ്പെടുത്താനായി ഗ്രീഷ്മ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ കുറ്റപത്രം.


ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരിൽ ജ്യൂസിൽ പാരസെറ്റമോൾ കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ കയ്പ് ആണെന്ന് പറഞ്ഞ് ഷാരോൺ ഒഴിവായതോടെ ആ ശ്രമം ഉപേക്ഷിച്ചു. തുടർന്നാണ് 2022 ഒക്ടോബർ 14ന് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ഷാരോണിൻ്റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇതേ കേസിൽ ഈ രണ്ടുപേരെയും പൊലീസ് പ്രതി ചേർക്കുകയായിരുന്നു.

11 മാസം ജയലിൽ കഴിഞ്ഞ ഗ്രീഷ്മയ്ക്ക് കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ജാമ്യം ലഭിച്ചത്. പൊലീസ് കസ്റ്റഡിയിൽ കഴിയവെ ബാത്ത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനും ഗ്രീഷ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com