
സിറോ മലബാർ സഭാ അസംബ്ലിയിൽ കർദ്ദിനാളിനെതിരെ പ്രതിഷേധം. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങ് വെച്ചതിൽ പ്രതിഷേധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ അസംബ്ലിയിൽ നിന്ന് ഇറങ്ങിപ്പോയി. അസംബ്ലിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്.
കോട്ടയം പാലായിൽ നടക്കുന്ന സിറോ മലബാർ സഭാ ആർക്കി എപ്പിസ്‌കോപ്പൽ അഞ്ചാമത് സമ്മേളനത്തിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വിശ്വസികൾ പ്രതിഷേധിച്ചത്. എറണാകുളത്ത് നടന്ന ഭൂമി കുംഭകോണ വിഷയത്തിൽ റസ്റ്റിറ്റ്യൂഷൻ നടത്താതെ സഭയെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തി, എറണാകുളം-അങ്കമാലി അതിരൂപതക്കെതിരെ വൈരാഗ്യബുദ്ധിയോടെ പ്രവർത്തനങ്ങൾ നടത്തി, അതിരൂപതയെ വിഭജിക്കാൻ ശ്രമിച്ചു, കുർബാന തക്സ തിരുത്തി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു, തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സഭാ വിശ്വാസികൾ അസംബ്ലിയിൽ നിന്ന് ഇറങ്ങിപ്പോയത്.
എറണാകുളം-അങ്കമാലി അതിരൂപതയിൽ നിന്ന് പങ്കെടുക്കുന്ന മുഴുവൻ പ്രതിനിധികളും ഒപ്പിട്ട മുൻകൂർ നോട്ടീസ് മേജർ ആർച്ച് ബിഷപ്പിന് കൈമാറിയ ശേഷമായിരുന്നു പ്രതിഷേധം. ഏകീകൃത കുർബാനയടക്കമുള്ള വിഷയത്തിൽ കർദ്ദിനാളിനെതിരെ അതിരൂപതയിലെ വിശ്വാസികൾ നിലപാടെടുത്തിരുന്നു. സഭാ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിഷേധം ആർക്കി എപ്പിസ്‌കോപ്പൽ സമ്മേളനത്തിൽ നടക്കുന്നത്.