
കൊല്ലത്ത് പൊട്ടിപൊളിഞ്ഞ റോഡിലെ ചെളിവെള്ളത്തിൽ കുളിച്ച് പ്രതിഷേധം. പത്തനാപുരം പള്ളിമുക്കിൽ നിന്നു പുന്നല വഴി കറവൂർ അലി മുക്ക് റോഡ് ടാറിംഗ് വൈകുന്നതിനെതിരെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. സ്ഥലം എംഎൽഎയും മന്ത്രിയുമായ കെ.ബി ഗണേഷ് കുമാറിനെതിരെയും പ്രതിഷേധം ശക്തമാണ്.
പുന്നല, കറവൂർ, റോഡിൻ്റെ നിർമാണത്തിലെ കാലതാമസം മൂലം കുഴിയെടുത്ത ഭാഗങ്ങളിൽ വെള്ളം നിറഞ്ഞ് അപകടകങ്ങൾ പതിവായതോടെയാണ് ഗർത്തങ്ങളിലെ ചെളി വെള്ളം കോരിക്കുളിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. ഒൻപത് മാസത്തിലധികമായി നവീകരണത്തിനായി കുത്തിപ്പൊളിച്ച റോഡ് പൂർണ്ണമായും ടാറിംഗ് നടത്താത്തതിൽ മുൻപും നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു.
റോഡിൽ കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച പല ഭാഗങ്ങളിലും പണി പൂർത്തിയാക്കാത്തത് കാരണം ഗതാഗതക്കുരുക്കും പതിവാണ്. റോഡിലെ ചെളിയും പൊടിയും വ്യാപാര സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. എന്നാൽ റോഡിൻ്റെ ചുമതലയുള്ള പൊതുമരാമത്ത് വിഭാഗത്തിൻ്റെ അലംഭാവത്തിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് എസ്.ഡി.പി.ഐ പ്രാദേശിക നേതൃത്വം വ്യക്തമാക്കി.